അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസ് മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. റാണയെ പട്യാല ഹൗസ് കോടതിയില്‍ ഉടന്‍ ഹാജരാക്കും. തുടർന്ന് എൻഐഎ ആസ്ഥാനത്തേക്ക് റാണയെ എത്തിക്കും. 30 ദിവസത്ത കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെടുന്നത്.കോടതി പരിസരത്തും എൻഐഎ ആസ്ഥാനത്തും വന്‍ സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. തഹാവൂർ റാണയുടെ പുതിയ ചിത്രം എൻഐഎ പുറത്തുവിട്ടു.തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് എൻഐഎ പ്രതികരിച്ചു.
എൻഐഎയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരാണ് സംഘത്തിലുള്ളത്. റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.