കടയ്ക്കാവൂർ :അവസാനഘട്ടമെത്തിയ ആലംകോട്- മീരാൻകടവ് റോഡ് നിർമാണപ്രവൃത്തികൾ അഞ്ചുതെങ്ങ് പഞ്ചായത്ത് ഇടപെട്ട് നിർത്തിവെപ്പിച്ചു.
മീരാൻകടവ് പാലവുമായി ബന്ധിപ്പിക്കുന്ന 170 മീറ്റർ ഭാഗത്തെ നിർമാണ പ്രവൃത്തികളിൽ അശാസ്ത്രീയത ആരോപിച്ചാണ് നിർത്തിച്ചത്. റോഡിലെ ടാർ പൂർണമായും നീക്കാതെ കുഴിയുള്ള ഭാഗങ്ങളിൽ മെറ്റിലിട്ടുനികത്തി അതിനുമുകളിൽ ടാർ ചെയ്യാനുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്നാണ് പഞ്ചായത്ത് ഇടപെടലുണ്ടായത്.
കേരള റോഡുവികസനഫണ്ട് ബോർഡിൽനിന്ന് 32.98 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലാണ് ആലംകോടുമുതൽ മീരാൻകടവുവരെയുള്ള റോഡ് നിർമാണം വർഷങ്ങൾക്കുമുൻപ് ആരംഭിച്ചത്.
ആലംകോടുമുതൽ മണനാക്കുവരെ ഒൻപത് മീറ്ററും മണനാക്കുമുതൽ മീരാൻകടവുവരെ ഏഴ് മീറ്ററും വീതിയാണ് റോഡിനുള്ളത്. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ 300 മീറ്റർ അകലത്തിൽ ആലംകോടുമുതൽ മീരാൻകടവുവരെ കലുങ്കുനിർമാണമാണ് ആദ്യം ആരംഭിച്ചത്.
പണി സമയബന്ധിതമായി പൂർത്തിയാകാത്തതിന് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും ഇതിനോടകം നടന്നു. ആലംകോടുമുതൽ ചെക്കാലവിളാകം ജങ്ഷൻ വരെയുള്ള ഭാഗങ്ങളിൽ പഴയ ടാർ പൂർണമായും നീക്കംചെയ്യുകയും ആധുനികരീതിയിൽ ഓട നവീകരിക്കുകയും ചെയ്തിരുന്നു.
ചെക്കാലവിളാകം ജങ്ഷൻവരെ ടാർചെയ്തശേഷം നിർത്തിവെച്ച പണി നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുനരാരംഭിച്ചത്.
റോഡിലെ പഴയ ടാർ ഇളക്കിമാറ്റാതെ കുഴികളിൽ മെറ്റൽനിരത്തി ടാർചെയ്യാനുള്ള ശ്രമം ശനിയാഴ്ച ഉച്ചയോടെ നാട്ടുകാർ ഇടപെട്ട് തടസ്സപ്പെടുത്തി.
കരാർപ്രകാരം പഴയ ടാർ ഇളക്കിമാറ്റി പുതിയ ടാർ ചെയ്യാൻ അനുമതിയില്ലെന്നും റോഡിലെ കുഴികളിൽ മെറ്റൽ നിരത്തി ടാർ ചെയ്യാനാണ് കരാറിൽ പറഞ്ഞിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു. ഇതോടെ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പണി നിർത്തിവെപ്പിക്കുകയായിരുന്നു.