തിരുവനന്തപുരം : വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. ജലസംഭരണ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ് പൂൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം.
ഇത്തരം വെള്ളവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടേണ്ടതാണെന്നു മന്ത്രി അഭ്യർഥിച്ചു.
2024ൽ 38 കേസുകളും 8 മരണവും 2025ൽ 12 കേസുകളും 5 മരണവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചത് കൊണ്ടാണ് ഭൂരിഭാഗം പേരേയും രക്ഷിക്കാനായത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്.
ശ്രദ്ധിക്കാം
● പായലുള്ളതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്
● വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്
● മൂക്കിൽ ശസ്ത്രക്രിയ ചെയ്‌തവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയക്ക് വിധേയമായവരുംർ പ്രത്യേകം ശ്രദ്ധിക്കണം.
● ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കുളിക്കരുത്
● വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം
● മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്