വർക്കല : സംസ്ഥാന ടൂറിസം വകുപ്പ് ഇടവ വെറ്റക്കടയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിലെ മത്സരങ്ങൾക്കു തുടക്കമായി. പുരുഷവിഭാഗം ആദ്യ റൗണ്ട് മത്സരങ്ങളാണ് വെള്ളിയാഴ്ച നടന്നത്. ശനിയാഴ്ച വനിതകളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കും.
നാഷണൽ ഓപ്പൺ, ഇന്റർനാഷണൽ ഓപ്പൺ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 60 അത്‌ലറ്റുകൾ പങ്കെടുക്കുന്നുണ്ട്.
ടൂറിസം വകുപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർഫിങ് സ്‌കൂളുകളിൽനിന്നുള്ള സർട്ടിഫൈഡ് ഇൻസ്ട്രക്ടർമാരിൽനിന്ന് 50 പേർക്കു സൗജന്യമായി സർഫിങ് പരിശീലനം നേടാനുള്ള അവസരവും ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, തിരുവനന്തപുരം ഡിടിപിസിയുമായി സഹകരിച്ച് സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിങ് അസോസിയേഷൻ എന്നിവരുടെ സാങ്കേതികസഹായത്തോടെയാണ് മത്സരങ്ങൾ നടത്തുന്നത്. ഫെസ്റ്റിവൽ 13-നു സമാപിക്കും.