ദിനവും നിരവധി സഞ്ചാരികൾ എത്തുന്ന കാപ്പിൽ പൊഴിമുഖത്ത് കായലിൽ പായൽ വ്യാപിക്കുന്നു.

ഇടവ : ദിനവും നിരവധി സഞ്ചാരികൾ എത്തുന്ന കാപ്പിൽ പൊഴിമുഖത്ത് കായലിൽ പായൽ വ്യാപിക്കുന്നു. പൊഴിമുഖംമുതൽ കാപ്പിൽ പാലംവരെയുള്ള 500 മീറ്റർ ചുറ്റളവിലാണ് പായൽ നിറഞ്ഞത്. പൊഴിമുഖത്ത് മണൽത്തിട്ടയായതിനാൽ ഇവിടെ കായൽ രണ്ടായി മുറിഞ്ഞനിലയിലാണ്. അതിനാൽ ഈ ഭാഗത്ത് കായലിന് ഒഴുക്ക് നഷ്ടപ്പെട്ടു. പായലിനൊപ്പം മാലിന്യവും കലർന്ന് തീരത്ത് ദുർഗന്ധവും വമിക്കുന്നു.

വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്താണ് വള്ളിപ്പായൽ നിറഞ്ഞത്. പൊഴിമൂടിക്കിടക്കുന്നതിനാൽ കായലിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ടതാണ് പായൽ നിറയാൻ കാരണമെന്ന് വിലയിരുത്തുന്നു. വെറ്റക്കട ഭാഗത്തേക്കുള്ള കായൽപ്പരപ്പിലും പായൽ നിറഞ്ഞുകിടക്കുകയാണ്. പായൽ അഴുകുന്നത് കായലിലെ വെള്ളം മലിനമാക്കും. കായൽ ജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നു. കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. ആഴം കുറവുള്ള സ്ഥലമായതിനാൽ തീരത്തെത്തുന്നവർ കായലിൽ ഇറങ്ങാറുണ്ട്. കാലിൽ ചുറ്റുന്ന പായലായതിനാൽ അപകടസാധ്യതയുമുണ്ട്.

ആഴം കുറവായതിനാൽ വലിയ ബോട്ടുകൾ ഇതുവഴി സഞ്ചരിക്കാറില്ല. കയാക്കിങ്, പെഡൽ ബോട്ട് എന്നിവയുടെ സഞ്ചാരത്തിനും പായൽ തടസ്സമുണ്ടാക്കുന്നു. തീരത്തെത്തുന്നവർ വലിച്ചെറിയുന്ന കുപ്പികളും മറ്റു മാലിന്യങ്ങളും പായലിനു മുകളിൽ കെട്ടിക്കിടക്കാറുണ്ട്. അഴുകിയ പായലിനൊപ്പം മാലിന്യംകൂടി കലരുമ്പോൾ സഹിക്കാനാകാത്ത ദുർഗന്ധമാകും. കയാക്കിങ് നടത്തുന്നവർ അടുത്തിടെ പായൽ നീക്കാൻ ശ്രമം നടത്തിയിരുന്നു. വെറ്റക്കട ഭാഗത്ത് പായൽ വർധിക്കുകയാണ്. വേലിയേറ്റത്തിൽ കടലിൽ നിന്നടിഞ്ഞു കയറുന്ന മണലാണ് തിട്ടയായി മാറി പൊഴിയടയുന്നത്.

പൊഴി തുറന്നാൽ മാത്രമേ പായൽ നശിക്കുകയുള്ളൂ. അടിഞ്ഞുകയറുന്ന മണൽ നീക്കാൻ നടപടിയെടുക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കുള്ളത്.