ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് മണൽമൂടി മത്സ്യബന്ധനം നിലച്ചതിൽ വ്യാപക പ്രതിഷേധം. തടസം പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മന്ത്രി സജി ചെറിയാന്റെ വസതി ഉപരോധിച്ചു. മണൽ അടിഞ്ഞുകൂടിയതിനാൽ മുതലപ്പൊഴി അഴിമുഖം അടച്ചുപൂട്ടാനും മത്സ്യത്തൊഴിലാളികളെ മറ്റ് തുറമുഖങ്ങളിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതിഷേധം.
കോൺഗ്രസ് പ്രതിഷേധത്തിന് പുറമേ ഐ.എൻ.ടി.യു.സിയും സി.ഐ.ടി.യുവും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. മന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ച സ്ത്രീകളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിയുടെ വീട്ടിലേക്ക് കടന്നുകയറാൻ ശ്രമിച്ച വനിതാപ്രവർത്തകയെ പൊലീസ് തടഞ്ഞു. പ്രതിഷേധ സമയം മന്ത്രി വസതിയിലുണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളികളുമായി മന്ത്രി സജി ചെറിയാൻ ഇന്ന് ചർച്ച നടത്തും.
ചിറയിൻകീഴ്,ശാർക്കര മണ്ഡലം കമ്മിറ്റികളുടെയും ഐ.എൻ.ടി.യു.സിയുടേയും നേതൃത്വത്തിൽ ഹാർബർ എൻജിനിയറുടെ ഓഫീസ് ചങ്ങലയിട്ട് പൂട്ടി റീത്തുവച്ചു. രാവിലെ 8.30ഓടെയാണ് സമരാനുകൂലികൾ ഹാർബർ എൻജിനിയറുടെ ഓഫീസിലേക്കെത്തി ധർണ നടത്തിയത്. സർക്കാരിന്റെയും തുറമുഖ വകുപ്പിന്റെയും അനാസ്ഥയാണ് മുതലപ്പൊഴി ഹാർബറിൽ മണൽ അടിഞ്ഞുകൂടാനും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാവാനും കാരണമെന്ന് പ്രവർത്തകർ പറഞ്ഞു.
ഫിഷറീസ് മന്ത്രിയുടെ രാജിയാവശ്യപ്പെട്ടാണ് സി.ഐ.ടി.യു പ്രവർത്തകർ സമരമുഖത്തെത്തിയത്. സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ നടന്ന ഹാർബർ ഓഫീസ് ഉപരോധം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു. ഡ്രഡ്ജ് ചെയ്ത് മണൽ മാറ്റിയശേഷം മുതലപ്പൊഴി വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.