വിശുദ്ധ വാരത്തിന് തുടക്കം; ഓശാന തിരുനാള്‍ ആഘോഷ നിറവിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. യേശുക്രിസ്തു കഴുതപ്പുറത്തേറി യാത്ര ചെയ്തതിന്റെ ഓര്‍മ പുതുക്കിയാണ് കുരുത്തോലയും വഹിച്ചുകൊണ്ട് ക്രൈസ്തവര്‍ ഓശാന ആഘോഷിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷയും പുരോഗമിക്കുകയാണ്. തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യകാര്‍മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് കെ സി ബി സി അധ്യക്ഷന്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.

മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ സഭ അധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് ജോസഫ് ബാവയുടെ കാര്‍മികത്വത്തിൽ ശുശ്രൂഷകള്‍ പുരോഗമിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ മാതൃദേവാലയമായ കോട്ടയം വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.കേരളത്തില്‍ ഒരുമയും സാഹോദര്യവും ഉണ്ടെന്നും ആ ഒരുമ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഓശാന ആശീര്‍വാദമായി ഓർമപ്പെടുത്തി. ജാതി- മത ഭേദമന്യേ എല്ലാവരെയും ചേര്‍ത്തുപിടിക്കണം. കേരളത്തില്‍ സമാധാനം നിലനിര്‍ത്താന്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.