പരാധീനതകളുടെ നടുവിൽ ചിറയിൻകീഴ് എക്സൈസ് ഓഫീസ്

ചിറയിൻകീഴ്: പരാധീനതകളുടെ നടുവിൽ ചിറയിൻകീഴ് എക്സൈസ് ഓഫീസ്. അഴൂർ,ചിറയിൻകീഴ്, കിഴുവിലം,മുദാക്കൽ,കടയ്ക്കാവൂർ,വക്കം,അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും ചിറയിൻകീഴ് എക്സൈസ് പരിധിയിലാണ്. ഇത്രയും ഏരിയ നോക്കേണ്ട ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല. മതിയായ ജീവനക്കാരില്ലാത്തതിനാൽ പല സന്ദർഭങ്ങളിലും ലഹരി കേസുകളിലെ കുറ്റവാളികളെ യഥാവിധി പിടികൂടാൻ എക്സൈസിന് കഴിഞ്ഞെന്നുവരില്ല. ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങളിൽ ചിലത് ഓഫീസിനു മുകളിലേക്ക് നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഓഫീസ് പരിസരം തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. പാമ്പിന്റെ ശല്യവുമുണ്ട്. ഇവിടെ പുതിയ എക്സൈസ് ഓഫീസ് മന്ദിരം വേണമെന്ന ആവശ്യവും ശക്തമാണ്.

നാല് പ്രിവന്റീവ് ഓഫീസർമാരുള്ളതിൽ ഒരാൾ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റൊരിടത്തേക്ക് പോകും. 12 സിവിൽ എക്സൈസ് ഓഫീസർമാർ വേണ്ടിടത്ത് 10 പേരാണുള്ളത്. ഇതിൽ 3പേർ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റിടങ്ങളിലാകും. പിന്നെയുള്ളത് ഒരു എക്സൈസ് ഇൻസ്‌പെക്ടറും 3 വനിത സിവിൽ എക്സൈസ് ഓഫീസറുമാണ്. ഇവർക്ക് വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, വർക്കല, തിരുവനന്തപുരം കോടതികളിലേക്ക് പോകണം. പിന്നെ ലീവ്, പ്രതിവാര ഓഫ് എന്നിവ എല്ലാം കഴിയുമ്പോൾ രണ്ടോ മൂന്നോ പേർ മാത്രമാകും ഡ്യൂട്ടിയിലുണ്ടാവുക. കൂടാതെ വിമുതി മിഷന്റെ ഭാഗമായി സ്കൂൾ-കോളേജുകളിൽ ബോധവത്കരണ ക്യാമ്പുകൾ, ലഹരിക്കെതിരായ ബോധവത്കരണ കമ്മിറ്റികൾ എന്നിവയിലും പങ്കെടുക്കണം.

ചിറയിൻകീഴ് ഓവർബ്രിഡ്ജിൽ അപ്രോച്ച് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർണമാകാത്തതിനാൽ മഴപെയ്താൽ എക്സൈസ് ഓഫീസ് പരിസരം വെള്ളക്കെട്ടിലാകും. മുട്ടോളം വരുന്ന വെള്ളത്തിൽ ചവിട്ടി വേണം ജീവനക്കാർക്ക് ഓഫീസിലെത്താൻ. ഈ വെള്ളക്കെട്ട് മാറാൻ ദിവസങ്ങളെടുക്കും. വെള്ളക്കെട്ട് ഒഴിഞ്ഞാലും സ്റ്റേഷൻ പരിസരം ആഴ്ചകളോളം ചെളിക്കളമാണ്. ഈ സമയങ്ങളിൽ എക്സൈസ് ഓഫീസിനകത്തേക്ക് വാഹനങ്ങൾ കയറാൻ പാടുപെടും. സ്വന്തം ചെലവിലാണ് പലപ്പോഴും സ്റ്റേഷൻ പരിസരത്തെ ചെളി വൃത്തിയാക്കുന്നത്.