കിളിമാനൂര്‍ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം.പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായി.,നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം കിളിമാനൂര്‍ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം. സംഭവത്തില്‍ തടയാനെത്തിയ പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായി. എസ്‌ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പുറം സ്വദേശികളായ സുബീഷ് (34), അല്‍ മുബീന്‍ (27), സുബിന്‍ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരില്‍ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കരിക്കകം പഞ്ചമുഖം മാടന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും ഇതോടെ യുവാക്കള്‍ സംഘം ചേര്‍ന്ന് ഇവരെ ആക്രമിക്കുകയുമായിരുന്നു. യുവാക്കള്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കൂടുതല്‍ പൊലീസുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്.