കോഴിക്കോട്: പെട്രോൾ പമ്പിലെ ശുചിമുറി തുറന്ന് നൽകാത്തതിൽ അധ്യാപികയ്‌ക്ക് പെട്രോൾ പമ്പ് ഉടമ ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ വിധി. ഏഴകുളം സ്വദേശിയായ അധ്യാപികയ്‌ക്കാണ് നഷ്‌ടപരിഹാരം നൽകാൻ ഉപഭോക്‌തൃ തർക്കപരിഹാര കമ്മീഷൻ വിധി. കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെ ഫയൽ ചെയ്ത ഹർജിയിലാണ് വിധി.
2024 മെയ് എട്ടിനാണ് സംഭവം. അധ്യാപിക കാസർകോട് പോയിട്ട് ഏഴംകുളത്തുളള തന്റെ വീട്ടിലേക്ക് കാറിൽ വരവെ രാത്രി 11ന് പയ്യോളിയിലുള്ള പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചതിനു ശേഷം ശുചിമുറിയിൽ പോകാൻ മുറിയുടെ താക്കോൽ ആവശ്യപെട്ടു. ശുചിമുറി തുറന്ന് കൊടുക്കാൻ ജീവനക്കാർ തയ്യാറായില്ല. തുടർന്ന് പൊലീസിൽ അറിയിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തി ബലമായി ശുചിമുറി തുറന്ന് കൊടുക്കുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക പൊലീസിൽ പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പെട്രോൾ പമ്പ് അനുവദിക്കുമ്പോൾ ശുചിമുറി സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പെട്രോൾ പമ്പ് പ്രവർത്തിച്ച് വരുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ അധ്യാപികയ്‌ക്ക് 1,50,000 രൂപ പമ്പ് ഉടമ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. കോടതി ചിലവിലേക്കായി 15,000 രൂപയും പമ്പ് ഉടമ നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.