സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിൽ പാചകത്തിന്‌ ഇനി മുതൽ സൗരോർജം

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിൽ പാചകത്തിന്‌ ഇനി മുതൽ സൗരോർജം. സംസ്ഥാന സർക്കാരിന്റെ നെറ്റ്‌ സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്‌മെന്റ്‌ സെന്റർ (ഇഎംസി) ആണ്‌ സ്‌മാർട്‌ ഇലക്‌ട്രിക്‌ കിച്ചൺ പദ്ധതി നടപ്പാക്കുന്നത്. സൗരോർജമുപയോഗിച്ച്‌ ആഹാരം പാകംചെയ്യാനും ബാക്കിവരുന്ന വൈദ്യുതി സ്‌കൂളിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. മിച്ചവൈദ്യുതി കെഎസ്‌ഇബി ഗ്രിഡിലേക്ക്‌ നൽകി വരുമാനവും നേടുംവിധമാണ്‌ പദ്ധതി നടപ്പാക്കുക.

പരീക്ഷണാടിസ്ഥാനത്തിൽ കാസർകോട്‌ കാഞ്ഞങ്ങാട്‌ മേലാങ്കോട്‌ എസി കണ്ണൻ നായർ സ്‌മാരക ഗവ. യുപി സ്‌കൂളിൽ നടപ്പാക്കി. 500 വിദ്യാർഥികൾക്ക് ഭക്ഷണം തയ്യാറാക്കാവുന്ന അടുക്കളയും 100 ശതമാനം പുനരുപയോഗ ഊർജം ഉറപ്പാക്കാൻ 20 കിലോവാട്ട്‌ പീക്ക്‌ ശേഷിയുള്ള സൗരോർജ പ്ലാന്റും സ്ഥാപിച്ചു. വർഷം 34,920 രൂപ വൈദ്യുതി ചാർജും എൽപിജി ഉപയോഗത്തിനായി 1.52 ലക്ഷം രൂപയുമാണ്‌ സ്കൂൾ ചെലവഴിച്ചിരുന്നത്‌. അത്‌ പൂർണമായും ഒഴിവായി. സോളാറിലൂടെ 2,130 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും മിച്ചം വരുന്നത് വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും കഴിയുന്നുണ്ട്. ഒരു മണിക്കൂറുകൊണ്ട്‌ ആഹാരം തയ്യാറാകും.

സൗരോർജ പാനൽ, പാചകം ചെയ്യാനുള്ള ഇലക്‌ട്രിക്‌ സ്റ്റീം ബോയിലർ, സ്റ്റീം ജാക്കറ്റഡ്‌ പാത്രങ്ങൾ എന്നിവയാണ്‌ സ്ഥാപിക്കുക. എംഎൽഎ ഫണ്ടോ തദ്ദേശസ്ഥാപന ഫണ്ടോ ഉപയോഗിക്കാം. സ്വകാര്യ നിക്ഷേപവും ആശ്രയിക്കാം. സൗരോർജ പാനലിനുൾപ്പെടെ 50 ലക്ഷംരൂപയോളമാകും. വിദ്യാർഥികളുടെ എണ്ണം അടിസ്ഥാനമാക്കിയാകും അടുക്കളയുടെ ശേഷിയും വിലയും കണക്കാക്കുക. കാർബൺ ബഹിർഗമനം ഇല്ലെന്നതിനാൽ പ്രകൃതി സൗഹൃദവുമാണ്‌. സംസ്ഥാനത്തെ 3300 അങ്കണവാടികളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌.