വാഹനയാത്രക്കാരെ ദീർഘനേരം വലയ്ക്കുന്ന പെരുങ്ങുഴിയിലെ റെയിൽവേ ഗേറ്റ്

ചിറയിൻകീഴ് : വാഹനയാത്രക്കാരെ ദീർഘനേരം വലയ്ക്കുന്ന പെരുങ്ങുഴിയിലെ റെയിൽവേ ഗേറ്റ് ഒഴിവാക്കി ഇവിടെ അടിപ്പാത നിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. അഴൂർ ഗ്രാമപ്പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ പെരുങ്ങുഴി മാർക്കറ്റ് ജങ്ഷനിൽനിന്ന് പൊതുമരാമത്ത് കടവിലേക്കു പോകുന്ന റോഡിൽ റെയിൽവേ സ്റ്റേഷനു സമീപമാണ് ഗേറ്റ്. ഒരുദിവസം ചുരുങ്ങിയത് അൻപത് തവണയെങ്കിലും ഗേറ്റ് അടച്ചിടേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു. രണ്ടും മൂന്നും ട്രെയിനുകൾ ചെറിയ സമയവ്യത്യാസത്തിൽ കടന്നുപോകുമ്പോൾ ദീർഘനേരമാണ് ഗേറ്റ് അടച്ചിടേണ്ടിവരുന്നത്. ഈ സമയം വാഹനങ്ങളുടെ നീണ്ട നിരയാണിവിടെ. വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് ഗേറ്റിന് ഇരുവശത്തുമായി ഏറെനേരം കാത്തുകിടക്കേണ്ടത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

പെരുങ്ങുഴിയിൽനിന്ന് ഈ റെയിൽവേ ഗേറ്റ് കടന്നുവേണം പെരുങ്ങുഴിക്കടവ്, നേരുകടവ്, ചല്ലിമുക്ക്, കുഴിയം, ഇടഞ്ഞുംമൂല, അഴൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കു പോകാൻ. അതിനാൽ നൂറുകണക്കിന് സ്ഥലവാസികൾക്ക് ഗേറ്റ് കടക്കേണ്ടതുണ്ട്. കയർപിരി ചകിരിക്കായി പച്ചത്തൊണ്ട് കായലിൽ താഴ്ത്തുന്ന വട്ടങ്ങളിലേക്കുള്ള വാഹനങ്ങളും ഈ റോഡാണ് ഉപയോഗിക്കുന്നത്. തൊണ്ടും ചകിരിയും കയറ്റിയ വലിയ ലോറികളാണ് ഇതുവഴി കടന്നുപോകേണ്ടത്. തൊണ്ടടിക്കുന്ന മില്ലുകളും ഇവിടെയുണ്ട്. കയർ, മത്സ്യത്തൊഴിലാളികളും ധാരാളം വിദ്യാർഥികൾക്കും ഗേറ്റ് സമയനഷ്ടം വരുത്തുന്നു. ദീർഘസമയമാണ് ഇവരുടെ യാത്രയിൽ കവർന്നെടുക്കുന്നത്.

നാട്ടുകാരുടെ ന്യായമായ ആവശ്യമാണ് പെരുങ്ങുഴിയിൽ റെയിൽവേ അടിപ്പാത നിർമിക്കണമെന്നത്. ഈ ആവശ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പാസാക്കിയ പ്രമേയം മുഖ്യമന്ത്രി, ധനകാര്യമന്ത്രി, എംപി, എംഎൽഎ, റെയിൽവേ ഡിവിഷണൽ സീനിയർ ഫിനാൻസ് മാനേജർ എന്നിവർക്ക് നൽകിയിരിക്കുകയാണ്