സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

വർക്കല: സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാപനാശത്ത് ഒരുവർഷം മുൻപ് അപകടം നടന്ന സ്ഥലത്താണ് വീണ്ടും ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ബ്രിഡ്ജിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുന്നതിനായി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പുനർനിർമ്മാണം പൂർത്തിയാക്കിയ ശേഷം കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) പരിശോധന നടത്തും.പുതിയ മാർഗനിർദ്ദേശങ്ങളനുസരിച്ച് കെ.എ.ടി.പി.എസിൽ നിന്നും ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾക്കുള്ള എൻ.ഒ.സി ലഭിക്കുന്നതിന് ഐ.ഐ.ടി,എൻ.ഐ.ടി എന്നിവയുടെയോ സർക്കാർ എൻജിനിയറിംഗ് കോളേജുകളുടെയോ വെറ്റിംഗ് ഏജൻസികൾ ബ്രിഡ്ജിന്റെ രൂപകല്പന സസൂക്ഷ്മം പരിശോധിച്ച് അംഗീകാരം നല്കണം. ബ്രിഡ്ജിന്റെ ഗുണനിലവാരവും സ്റ്റെബിലിറ്റി ടെസ്റ്റും ഉൾപ്പെടെയുള്ള കടമ്പകൾ കടന്നാൽ മാത്രമേ അനുമതി ലഭിക്കൂ.

2024 മാർച്ച് 9നാണ് വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ 15ഓളം പേർ അപകടത്തിൽപ്പെടുന്നത്. ബ്രിഡ്ജിന്റെ നടത്തിപ്പുകാരായ ട്രിച്ചി കേന്ദ്രമായിട്ടുള്ള ജോയ് വാട്ടർ സ്പോട്സ് എന്ന സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അപകടത്തിന് കാരണമായ സുരക്ഷാ ആശങ്കകൾ നിലനിൽക്കെ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വീണ്ടും ബ്രിഡ്ജ് നിർമ്മിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. കോഴിക്കോട് എൻ.ഐ.ടി വിദഗ്ദ്ധരെ കാണിക്കാനെന്ന പേരിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാപനാശം ബലി മണ്ഡപത്തിന് സമീപത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഈ സമയം ശക്തമായ തിരയിൽ ബ്രിഡ്ജ് വേർപെട്ടുപോയ സ്ഥിതിവിശേഷവുമുണ്ടായി. അതിനാൽ കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെ പാരിസ്ഥിതിക പഠനം അഡ്വഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ട്. സാങ്കേതിക-സുരക്ഷാവശങ്ങൾ കൃത്യമായി വിശദീകരിക്കാൻ അധികൃതർക്ക് കഴിയാത്തതാണ് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഉയർന്ന വേലിയേറ്റ സമയത്തും കടൽക്ഷോഭത്തിലും പൊങ്ങിക്കിടക്കുന്ന ബ്രിഡ്ജിന്റെ സുരക്ഷ ആശങ്കാജനകമായ ഒരു വിഷയമായി നാട്ടുകാർ പറയുന്നു. ബീച്ചിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിൽ തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് ഫ്ലോട്ടിംഗ് ബ്രിഡ്ജ് മാറ്റണമെന്നും അഭിപ്രായമുണ്ട്.

പുതിയ മാർഗനിർദ്ദേശ ശുപാർശകളനുസരിച്ച് വിനോദസഞ്ചാരികൾ,ലൈഫ് ഗാർഡുകൾ,പരിശോധനാ ജീവനക്കാർ എന്നിവർക്ക് കുറഞ്ഞത് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുംവിധം അപകട-മരണ ഇൻഷ്വറൻസിന്റെ പരിധിയിൽ വരുന്നുണ്ടെന്ന് നടത്തിപ്പുകാർ ഉറപ്പുവരുത്തേണ്ടതുണ്ട്. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണങ്ങൾ ഇതോടുചേർന്ന് സ്ഥാപിക്കേണ്ടതും വേഗത 12നോട്ടിൽ കൂടുതലാണെങ്കിൽ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കേണ്ടതുമാണ്. തിരമാലകളുടെ ശരാശരി ഉയരം 0.5 മീറ്റർ മുതൽ 1.3 മീറ്റർ വരെയെന്ന് ഉറപ്പുവരുത്തണം. പരമാവധി വിനോദസഞ്ചാരികളുടെ എണ്ണം 50-60ആയി നിജപ്പെടുത്തേണ്ടതുമുണ്ട്.