പ്ലാറ്റ്‌ഫോം നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ മാലിന്യം തള്ളുന്ന സ്ഥലമായി വേളി റെയിൽവേസ്റ്റേഷൻ

കഴക്കൂട്ടം : പ്ലാറ്റ്‌ഫോം നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ മാലിന്യം തള്ളുന്ന സ്ഥലമായി വേളി റെയിൽവേസ്റ്റേഷൻ മാറി. വിഎസ്എസ്‌സിയടക്കം സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയ്ക്കു തൊട്ടടുത്തുള്ള സ്റ്റേഷനാണ് ഈ ഗതികേട്. ഇതിനുപുറമേ ഇവിടെ നിർത്തിയിരുന്ന പല പാസഞ്ചർ ട്രെയിനുകൾക്കുമുള്ള സ്റ്റോപ്പുകളും വെട്ടിക്കുറച്ചു. ഇതോടെ പ്രാധാന്യം നഷ്ടപ്പെട്ട റെയിൽവേ സ്റ്റേഷൻ സമൂഹവിരുദ്ധരുടെയടക്കം താവളമായിമാറി. ഇതോടെ നാട്ടുകാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.

1971 ഡിസംബറിൽ വിക്രം സാരാഭായിയുടെ സാന്നിധ്യത്തിൽ തറക്കല്ലിട്ട തുമ്പ റെയിൽവേസ്റ്റേഷനാണ് കാലക്രമത്തിൽ വേളി എന്ന പേരിലേക്കു മാറിയതെന്ന് പഴമക്കാർ ഇപ്പോഴും ഓർക്കുന്നു. കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ച കാലത്തോളം പഴക്കമുള്ളതാണ് വേളി ഹാൾട്ട് സ്റ്റേഷൻ. വിഎസ്എസിസി, സമീപത്തെ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, നാട്ടുകാർ എന്നിവരടക്കം മേഖയിലെ ജനങ്ങൾ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.

പാസഞ്ചർ ട്രെയിനുകൾക്കു മാത്രമായിരുന്നു ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്. എന്നാൽ കോവിഡ് സമയത്ത് ചില സ്റ്റോപ്പുകൾ റെയിൽവേ നിർത്തലാക്കി. പക്ഷേ, കോവിഡിനുശേഷം ഇവ പുനഃസ്ഥാപിച്ചപ്പോൾ ധാരാളം പേർക്ക് ഉപകാരമായിരുന്ന പുനലൂർ-മധുര, നാഗർകോവിൽ-കോട്ടയം തുടങ്ങിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഒഴിവാക്കി. ഇതിനെതിരേ പലതവണ പൗണ്ട്കടവ് സൗത്ത് റെസിഡെൻസ് അസോസിയേഷന്റെയും മറ്റും നേതൃത്വത്തിൽ റെയിൽവേ അധികൃതർക്കു പരാതി നൽകിയെങ്കിലും സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. ടിക്കറ്റ് വിതരണത്തിനും പലപ്പോഴും ആളുണ്ടാവാറില്ല.