നേമം: ട്രെയിനെത്തിയിട്ടും റെയിൽപ്പാളത്തിൽ നിന്ന് മാറാതെ നിന്ന വൃദ്ധനെ ഫുഡ് ഡെലിവറിക്കെത്തിയ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. നേമത്ത് എ.കെ.കാറ്ററിംഗ് സർവീസിൽ ജോലിചെയ്യുന്ന നെടുമങ്ങാട് സ്വദേശി രാഹുൽ (27) ആണ് വൃദ്ധനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ പ്രസാദ് നഗറിന് സമീപത്തായിരുന്നു സംഭവം. ഫുഡ് ഡെലിവറിക്കായി ബൈക്കിൽ പോകുമ്പോഴാണ് രാഹുൽ വയോധികനെ കാണുന്നത്. ട്രെയിൻ വരാൻ സിഗ്നലായിട്ടും വൃദ്ധൻ പാളത്തിൽ നിന്നും മാറിയില്ല. വൃദ്ധനെ കണ്ട് നാട്ടുകാർ മാറാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതു കണ്ട രാഹുൽ പതിനഞ്ച് അടിയിലധികം താഴ്ചയിലേയ്ക്ക് മണ്ണിലൂടെ ഇറങ്ങി വൃദ്ധനെ തോളിലേറ്റി പാളത്തിന് പുറത്തെത്തിച്ചു. ഉടൻ ട്രെയിനും കടന്നുപോയി. രക്ഷപ്പെടുത്തലിനിടെ രാഹുലിന് പരിക്കേൽക്കുകയും ഫോൺ കേടാവുകയും ചെയ്തു. മാനസിക പ്രശ്നങ്ങളുള്ള വൃദ്ധൻ നാട്ടുകാരനല്ല.