തിരുവനന്തപുരം ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം; ഡിസിപി അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം ഡിസിപി നകുൽ ദേശ്മുഖ് അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മഹസർ തയ്യാറാക്കിയ എസ് ഐ തോമസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ​ഗുണ്ടാ നേതാവ് ഷാജഹാനെ പിടികൂടിയ കേസിലാണ് അട്ടിമറി നടന്നിരിക്കുന്നത്. തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിലാണ് തിരുവല്ലം പൊലീസിന്റെ അട്ടിമറി. ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതൽ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഗുണ്ടാ നേതാവ് ഷാജഹാനെയും സംഘത്തെയും പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഒഴിവാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് മാറ്റി .06 ഗ്രാമായും പിടിച്ചെടുത്ത രണ്ട് കാറുകൾ ഒന്നുമായാണ് മഹസ്സറിൽ രേഖപ്പെടുത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ചപ്പോൾ മറ്റൊരു മഹസ്സർ തയ്യാറാക്കി. മറ്റൊരു കാറും ഉൾപ്പെടുത്തി. ‌ഡാൻസാഫിൻ്റെ നീക്കവും തിരുവല്ലം പൊലീസ് ചോർത്തി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിന് മുമ്പ് കള്ളക്കേസിൽ കുരുക്കാൻ നീക്കമെന്ന തരത്തിൽ ഷാജഹാൻ വീഡിയോ ചിത്രീകരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഷാഡോ പൊലീസ് എയർ റൈഫിൾ ഉൾപ്പെടെ പ്രതികളെ പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയത്.