സംസ്ഥാനത്തെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ചികിത്സാരീതി അവലംബിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇത്രയും രോഗികൾക്ക് നൂതന ചികിത്സാ രീതിയിലൂടെ ചികിത്സ ലഭ്യമാക്കിയത്.കാർഡിയോളജി വിഭാഗത്തിൽ ഇൻട്രാ വാസ്‌കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പിയിലൂടെയുള്ള നൂതന ആൻജിയോപ്ലാസ്റ്റിയുടെ ഒരു ശില്‌പശാല സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഹൃദയ ധമനിയിൽ തടസം നേരിടുന്ന എട്ടു രോഗികളിൽ ഈ സംവിധാനം ഉപയോഗിച്ച് രക്തക്കുഴലിലെ തടസം കണ്ടുപിടിക്കുകയും അവയിലെ കൊഴുപ്പു ശതമാനം നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് ബലൂൺ, സ്റ്റെന്‍റ് തുടങ്ങിയവ ഉപയോഗിച്ച് തടസം നീക്കം ചെയ്തു. സാധാരണയായി ഒരു കത്തീറ്ററിനു 1.20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. എന്നാൽ ഒരു സ്വകാര്യ കമ്പനി വിദ്യാഭ്യാസ പരിശീലനത്തിനായി ള്ളവു നൽകിയതു കൊണ്ട് 30000 രൂപയ്ക്കു ലഭ്യമായി.
സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും മെഡിസെപ്പിലുമായി ശാസ്ത്രക്രിയകളുടെ മറ്റു ചെലവുകൾ വഹിക്കപ്പെട്ടു. ശില്പശാലയ്ക്കു ഹൃദ്രോഗ വിഭാഗം മേധാവി ഡോ കെ ശിവപ്രസാദ്, പ്രൊഫസർമാരായ ഡോ മാത്യു ഐപ്പ്, ഡോ സിബു മാത്യു, ഡോ സുരേഷ് മാധവൻ, ഡോ പ്രവീൺ വേലപ്പൻ എന്നിവർ നേതൃത്വം വഹിച്ചു.അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ അഞ്ജന, ഡോ ലക്ഷ്‌മി, ഡോ പ്രിയ, ഡോ ലൈസ് മുഹമ്മദ്, ഡോ ബിജേഷ്, ടെക്നീഷ്യൻമാരായ പ്രജീഷ്, കിഷോർ, അസിം, നേഹ, അമൽ, നഴ്‌സിംഗ് ഓഫീസർമാരായ സൂസൻ, വിജി, രാജലക്ഷ്‌മി, ജാൻസി, ആനന്ദ്, കവിത, പ്രിയ, സബ്ജക്ട‌് സ്പെഷ്യലിസ്റ്റുമാരായ മരിയ, സിബിൻ, ജിത്തു, മിഥുൻ എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ ശസ്ത്രക്രിയകൾക്ക് പൂർണ പിന്തുണ നൽകി. തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ള രോഗികൾ എല്ലാവരും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.