മുതലപ്പൊഴി പൊഴിമുഖം അടഞ്ഞു : മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ.

അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ട മുതലപ്പൊഴി തുറമുഖത്ത് മത്സ്യബന്ധനം പൂർണ്ണമായി സ്തംഭിച്ചു. ഡ്രഡ്ജിംഗ് പ്രവർത്തികൾ തുടരുന്നതിനിടെയാണ് വള്ളങ്ങൾ കടന്നുപോയിരുന്ന ഭാഗത്ത് മണലടിഞ്ഞ് മത്സ്യബന്ധനം തടസ്സപെട്ടത്. മത്സ്യബന്ധനത്തിനായി കഴിഞ്ഞദിവസം പോയ വള്ളങ്ങൾക്ക് അഴിമുഖത്ത പ്രവേശിക്കാൻ കഴിയാതേ കൊല്ലം നീണ്ടക്കര ഹാർബറിലേക്ക് കൊണ്ടുപോയി.

തോടിന് സമാനമായ ഭാഗത്ത് കൂടെയാണ് വേലിയേറ്റ ഇറക്ക സമയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വള്ളങ്ങളുമായി പോയിരുന്നത്. മത്സ്യബന്ധനത്തിനുശേഷം മണിക്കൂറുകളോളം കടലിൽ വള്ളം നങ്കൂരമിടും. വേലിയേറ്റ നേരത്ത് വള്ളം ഹാർബറിലേക്ക് എത്തിക്കും. എന്നാൽ ഇന്നലെ രാവിലയോടെ തൊഴിലാളികളുടെ വയറ്റത്തടിച്ചുകൊണ്ട് നിലവിൽ ആശ്രയിച്ചിരുന്ന തോടിന് സമാനമായ ഭാഗവും മണൽ മൂടി ആഴമില്ലാതായി. ഇതോടെ മത്സ്യബന്ധനത്തിന് പോകാനെത്തിയ തൊഴിലാളികൾക്ക് വള്ളം കടലിലേക്ക് ഇറക്കാനായില്ല. കടലിൽ കുടുങ്ങിയ 8 വള്ളങ്ങൾ നീണ്ടകര ഹാർബറിൽ എത്തിക്കുകയായിരുന്നു.

ചേറ്റുവ ഹാർബറിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചാണ് അഴിമുഖത്തു നിന്ന് മണൽ നീക്കം ചെയ്യുന്നത്. 4 ലക്ഷം ക്യൂബിക് മീറ്റർ അധികം മണൽ അടിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. നിലവിൽ കാര്യശേഷി കുറഞ്ഞ ഡ്രഡ്ജറാണ് മുതലപ്പൊഴിയിൽ എത്തിച്ചത്. കണ്ണൂർ അഴീക്കൽ ഹാർബറിൽ നിന്നും ഡ്രഡ്ജറെത്തിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും ഇതിലും തീരുമാനമായിട്ടില്ല. അഴിമുഖത്തെ മണൽ കൂനകളിൽ ഇടിച്ചാണ് തൊഴിലാളികൾക്ക് അപകടങ്ങൾ സംഭവിക്കുന്നത്. നിരവധി തൊഴിലാളികൾക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.