ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 50 റൺസ് ജയം. രാജസ്ഥാന്റെ 206 റൺസ് പിന്തുടർന്ന പഞ്ചാബിന്റെ മറുപടി 151 ലവസാനിച്ചു. ക്യാപ്റ്റനായി സഞ്ജു സാംസൺ തിരിച്ചെത്തിയ മത്സരത്തിൽ രാജസ്ഥാൻ ബോളർമാർ മിന്നും പ്രകടനം നടത്തി. ജോഫ്രെ ആർച്ചർ മൂന്ന് വിക്കറ്റും, സന്ദീപ് ശർമ, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വീതവും നേടി. പഞ്ചാബിനായി നേഹൽ വദ്ഹേര 62 റൺസ് നേടിയും മാക്‌സ്‌വെൽ 30 റൺസ് നേടിയും ചെറുത്ത് നിൽപ്പ് നടത്തി.
അതേ സമയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ രണ്ട് വിക്കറ്റിന് 206 റൺസ് നേടി. 67 റൺസുമായി യശസ്വി ജയ്സ്വാളും 43 റൺസുമായി റിയാൻ പരാഗും 38 റൺസുമായി സഞ്ജു സാംസണും തിളങ്ങി. ഫോമില്ലായ്മയുടെ പേരിൽ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങൾ നേരിട്ട യശസ്വി ജയ്സ്വാൾ ഫോമിലേയ്ക്ക് ഉയർന്നു. ജയ്‌സ്വാൾ അഞ്ചുസിക്സറുകളും മൂന്ന് ഫോറുകളും നേടി. സഞ്ജു ആറ് ഫോറുകൾ നേടി. പരാഗ് മൂന്ന് സിക്‌സറും മൂന്ന് ഫോറും നേടി.