പുതിയ പേര് ‘ബ്ലാക്ക് ലൈൻ’, ലോണിനൊപ്പം പ്രൊസസിങ് ഫീയടക്കം തിരികെ തരും, വരാനിരിക്കുന്നത് വമ്പൻ ചതി, ജാഗ്രത

തിരുവനന്തപുരം: പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങൾക്ക് ഇൻസ്റ്റന്റ് വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണെന്ന് കേരള പൊലീസ്. അതീവ ജാഗ്രത വണമെന്ന് കേരള പൊലീസ് അറിയിക്കുന്നു. ബ്ലാക്ക് ലൈൻ എന്ന കമ്പനിയുടെ പേരിലാണ് ഇപ്പോൾ പുതിയ ലോൺ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ലോൺ ആവശ്യപ്പെടുന്നവരിൽ നിന്നും പ്രോസസ്സിംഗ് ഫീ, ടാക്സ് മുതലായവ ആവശ്യപ്പെടുകയും അധികമായി അടച്ച ഈ തുക ലോൺ തുകയോടൊപ്പം മടക്കി നൽകി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പു നടത്തുന്നത്.

ഇത്തരത്തിൽ വിശ്വാസ്യത നേടിയെടുത്തശേഷം ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിൽ നിന്നും ശേഖരിക്കുന്ന സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയും ഈ ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുരീതി. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോൺ ആപ്പുകളിൽ നിന്നും വിട്ടുനിൽക്കുകയാണ് നല്ലത്.

അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം ആവശ്യമെങ്കിൽ ലോൺ സ്വീകരിക്കുക. നിങ്ങളുടെ ഫോണിൻറെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയകരമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ സൈബർ ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.