തിരുവനന്തപുരം : കെഎസ്‌ആർടിസി ഡിപ്പോ പരിസരം ഇനി മുതൽ സിസിടിവി നിരീക്ഷണത്തിലാകും. കെട്ടിടത്തിന്റെ വലുപ്പം അനുസരിച്ച് അഞ്ചുമുതൽ പത്തുവരെ സിസിടിവികളാണ് സ്ഥാപിക്കുന്നത്. ഇവ ഓരോദിവസവും പരിശോധിക്കാൻ ജീവനക്കാർക്ക് ചുമതലയും നിശ്‌ചയിക്കും. 13 ഡിപ്പോകളിൽ ഇവ സ്ഥാപിച്ചുകഴിഞ്ഞു. മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണിത്. സ്വന്തം നിലയിലും സ്‌പോൺസർമാരെ കണ്ടെത്തിയുമാണ് സംസ്ഥാനത്തെ 93 ഡിപ്പോകളിലും ഓഡിയോ റെക്കൊർഡോടുകൂടിയ ക്യാമറകൾ സഥാപിക്കുന്നത്.
സിസിടിവികളുടെ കൺട്രോൾ റൂം കെഎസ്‌ആർടിസി സിഎംഡിയുടെ ഓഫീസിലാണ്. ദൃശ്യങ്ങൾ തത്‌സമയം പരിശോധിക്കാൻ ഇവിടെ സൗകര്യമുണ്ട്. മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ തദ്ദേശവകുപ്പിന്റെ വാട്സ്‌ആപ്പ് നമ്പറിലേക്ക് അതാത് ഡിപ്പോകൾ അയച്ചുകൊടുക്കും. ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ദൃശ്യങ്ങൾ , സംഭാഷണങ്ങൾ തുടങ്ങിയവ പൊലീസിനും കൈമാറും.