ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും സ്മരണയിൽ വിശ്വാസികൾ

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശുമരണത്തിൻറെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളിയായി ആചരിക്കുന്നത്. വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാ​ഗമായി പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും‌.
ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രാർത്ഥനകളും നടക്കും. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം.

അതേസമയം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും.