തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് വിടുകയും ചെയ്‌ത തമിഴ്‌നാട് ഗവർണര്‍ ആർ.എൻ രവിക്കെതിരായ സുപ്രിംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഗവർണർ അനുമതി നിഷേധിച്ചാൽ ആർട്ടിക്കിൾ 200 ലെ ആദ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണം. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവയ്ക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി ബില്ലുകൾ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് യാതൊരു വിവേചനാധികാരവുമില്ല. ആർട്ടിക്കിൾ 200 ഇളവ് ലഭിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.