*'ഡോക്‌ടറെക്കൊണ്ട് വിളിപ്പിച്ചാലും ആംബുലൻസ് വിട്ടുനല്‍കില്ല'; ഒന്നര മണിക്കൂറോളം കാത്തുനിന്ന രോഗി മരിച്ചു**സംഭവം തിരുവനന്തപുരത്ത്*.

108 ആംബുലൻസ് സേവനം ലഭിക്കാതെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിനി ആൻസിയാണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായാണ് ആംബുലൻസ് വിളിച്ചത്.
എന്നാല്‍, കുരിശുമല ഡ്യൂട്ടിയുണ്ടെന്ന് കാട്ടി ആംബുലൻസ് വിട്ടുനല്‍കിയില്ലെന്നാണ് ആൻസിയുടെ ബന്ധുക്കള്‍ പറയുന്നത്.

ആംബുലൻസിനായി ഒന്നര മണിക്കൂർ കാത്തുനിന്നെന്നും ഇവർ പറഞ്ഞു. ആംബുലൻസ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്ബർ ആനി പ്രസാദ് 108 ആംബുലൻസിന്റെ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിച്ചതിന്റെ രേഖയാണ് പുറത്തുവന്നത്. കുരിശുമല തീർത്ഥാടനം പ്രമാണിച്ച്‌ ആംബുലൻസ് വിട്ടുനല്‍കാനില്ലെന്നാണ് കസ്റ്റമർ കെയർ സെന്ററില്‍ നിന്ന് അറിയിച്ചത്. ആശുപത്രിയില്‍ വെറുതേ കിടക്കുന്ന ആംബുലൻസ് രോഗിക്ക് വേണ്ടി വിട്ടുനല്‍കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് മെമ്ബർ ചോദിച്ചെങ്കിലും സർക്കാർ നിർദേശപ്രപകാരമാണ് ആംബുലൻസ് എടുക്കാത്തതെന്ന് ജീവനക്കാർ പറയുന്നു.

ഒരു മണിക്കൂർ കഴിഞ്ഞാല്‍ ആശുപത്രിയിലെ ഓക്‌സിജൻ തീരുമെന്നും മെമ്ബർ പറയുന്നുണ്ട്. സർക്കാർ ആശുപത്രിയിലെ ഡോക്‌ടറെക്കൊണ്ട് വിളിപ്പിച്ചുനോക്കിയാലും ആംബുലൻസ് വിട്ടുനല്‍കാൻ സാധിക്കില്ലെന്നാണ് 108 ആംബുലൻസിന്റെ കസ്റ്റമർ കെയറില്‍ നിന്ന് പറയുന്നത്. എന്തെങ്കിലും അത്യാഹിതം വന്നാല്‍ ഉപയോഗിക്കാനായാണ് ആംബുലൻസ് മാറ്റിയിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. ജില്ലയില്‍ മറ്റ് ആംബുലൻസും ലഭിക്കാതെ വന്നതോടെ ഒന്നര മണിക്കൂർ ഇവർക്ക് കാത്തുനില്‍ക്കേണ്ടി വന്നു. ഒടുവില്‍ സിഎച്ച്‌സിയില്‍ നിന്ന് ഒരു ഓക്‌സിജൻ സിലിണ്ടർ സംഘടിപ്പിച്ച്‌ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അമരവിളയില്‍ വച്ചാണ് ആൻസി മരിച്ചത്.

കാഴ്‌ചപരിമിതിയുള്ള ഭർത്താവ് മാത്രമാണ് ആൻസിക്കൊപ്പം ഉണ്ടായിരുന്നത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവർക്ക് ആശുപത്രിയിലെത്താൻ 108 ആംബുലൻസ് മാത്രമായിരുന്നു ആശ്രയം. പൊതുപ്രവർത്തകരും ആശുപത്രിയില്‍ നിന്ന് ഡോക്‌ടറും ഇടപെട്ടെങ്കിലും ആൻസിയുടെ ജീവൻ രക്ഷിക്കാനായില്ല.