ചിറയിൻകീഴ്: ഗതാഗതക്കുരുക്കിലമർന്ന് ശാർക്കര ബൈപ്പാസ് ജംഗ്ഷൻ. ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമ്മാണം ആരംഭിച്ചതുമുതൽ ഗതാഗതക്കുരുക്കിലാണിവിടം. ശാർക്കര റെയിൽവേ ഗേറ്റ്, ശാർക്കര ബൈപ്പാസിന്റെ തുടക്കം എന്നിവ സംഗമിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ റെയിൽവേ ഗേറ്റടയ്ക്കുന്ന സമയങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. രാവിലെയും വൈകിട്ടും മൂന്നും നാലും തീവണ്ടികൾ കടന്നുപോകുന്നതുവരെ ഗേറ്റടയ്ക്കുന്നതുമൂലമുള്ള വാഹനങ്ങളുടെ ആധിക്യം ഗതാഗതക്കുരുക്കിന് പലപ്പോഴും കാരണമാകാറുണ്ട്. വലിയകടയിൽ നിന്നും കണിയാപുരം ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിന് വഴിയിടാതെ വാഹനങ്ങൾ നിരനിരയായി നിറുത്തിയിട്ടിരിക്കുന്നത് തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും പലപ്പോഴും കാരണമാകാറുണ്ട്. ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമ്മാണം നടക്കുന്നതിനാൽ കടയ്ക്കാവൂർ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങളും ശാർക്കര വഴിയാണ് കടന്നുപോകുന്നത്. ഗേറ്റ് തുറക്കുമ്പോൾ ദ്രുതവേഗത്തിൽ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതോടെ ബൈപ്പാസ് ജംഗ്ഷൻ വീർപ്പുമുട്ടുന്നു. വാഹനങ്ങളെ പലദിശകളിലേക്ക് വഴിതിരിച്ചുവിടുന്ന തരത്തിൽ ഡിവൈഡറുകളോ മറ്റ് ട്രാഫിക് നിയന്ത്രണങ്ങളോ ഇവിടെയില്ലാത്തതും ബൈപ്പാസിന്റെ തുടക്കത്തിൽ വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നതുമാണ് ഗതാഗതക്കുരുക്കിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്.
വഴിവാണിഭക്കാരുടെ കടന്നുകയറ്റവും ബൈപ്പാസ് ജംഗ്ഷനിൽ തന്നെ ബസ് നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. റോഡ് സേഫ്ടി കോണുകളോ ട്രാഫിക് ലൈറ്റ് സംവിധാനങ്ങളോ ട്രാഫിക്ക് വാർഡനുകളുടെ നിയന്ത്രണങ്ങളോ ഇവിടെയില്ല. ശാർക്കര ഗവ.യു.പി സ്കൂൾ, നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ്, മുസലിയാർ എൻജിനിയറിംഗ് കോളേജ് തുടങ്ങിയ വിദ്യാലയങ്ങളിലേക്കും ശാർക്കര ദേവീക്ഷേത്രത്തിലേക്കുമടക്കം സഞ്ചരിക്കുന്ന നൂറുകണക്കിന് യാത്രക്കാർക്ക് കടന്നുപോകേണ്ട പ്രധാന വീഥികൂടിയാണിത്. ഗതാഗതക്കുരുക്കിലമർന്ന് കൃത്യസമയത്ത് ഓഫീസുകളിലും വിദ്യാലയങ്ങളിലും എത്താൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.
ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്പീഡ് ബ്രേക്കറില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. ബൈപ്പാസ് റോഡിൽ കെ.എസ്.ഇ.ബിയുടെ ഇ.വി ചാർജിംഗ് സ്റ്റേഷനുണ്ട്.വഴിയോരക്കച്ചവടം പലപ്പോഴുംചാർജ് ചെയ്യാനെത്തുന്ന വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്നു. ശാർക്കര ഉത്സവത്തിന്റെ ഭാഗമായി രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന വ്യാപാരമേളയ്ക്കും തുടക്കമായിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ച് ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം ശാർക്കര ബൈപ്പാസ് ജംഗ്ഷനിലൂടെ സുഗമമായി വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുകയും ഗതാഗത നിയന്ത്രണത്തിനായി മുഴുവൻ സമയ സേവനം നൽകണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.