*കടുത്ത മത്‌സരം; പിടിച്ചു നില്‍ക്കുമോ, നമ്മുടെ നാടൻ പലചരക്കു കടകള്‍? ഒരു വര്‍ഷത്തിനിടയില്‍ പൂട്ടിയത് രണ്ടു ലക്ഷം കടകള്‍, പക്ഷേ...*

പലചരക്ക് സാധനങ്ങള്‍ അടക്കമുളള വീട്ടു സാധനങ്ങള്‍ 10 മുതൽ 30 മിനിറ്റിനുള്ളിൽ എത്തിച്ചു നല്‍കുമെന്ന വാഗ്ദാനവുമായാണ് ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ പോലുള്ള ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എത്തുന്നത്. പലചരക്ക് സാധനങ്ങള്‍ക്കായി ഈ ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുകയാണ്.

ക്വിക്ക് കൊമേഴ്‌സ് ഭീമന്മാർ അവരുടെ ഡാർക്ക് സ്റ്റോറുകളുടെ ശൃംഖല അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇതിന്റെ തെളിവാണ്.
*അടച്ചുപൂട്ടല്‍ ഭീഷണിയില്‍*
ഡെലിവറി ഏരിയകളുടെ സമീപമായി ഉള്‍ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന വെയർഹൗസുകളെയാണ് ഡാർക്ക് സ്റ്റോറുകള്‍ എന്നു പറയുന്നത്. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ് 1,007 ഡാർക്ക് സ്റ്റോറുകളാണ് 2024 ഡിസംബർ വരെയുളള കണക്കനുസരിച്ച് പ്രവർത്തിപ്പിക്കുന്നത്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് 2024 സെപ്റ്റംബർ വരെയുളള കണക്കനുസരിച്ച് 600 ലധികം ഡാർക്ക് സ്റ്റോറുകള്‍ ഉണ്ട്. സെപ്‌റ്റോയും ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റും ഡാർക്ക് സ്റ്റോറുകള്‍ അതിവേഗം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

എന്നാല്‍ പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന ചെറിയ കടകളെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വലിയ തോതില്‍ നാമാവശേഷമാക്കുകയാണ്. ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്റ്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്റെ (എ.ഐ.സി.പി.ഡി.എഫ്) കണക്കനുസരിച്ച് ഈ പ്ലാറ്റ്ഫോമുകളുടെ വളർച്ചയില്‍ കഴിഞ്ഞ വർഷം മാത്രം ഏകദേശം 2 ലക്ഷം പ്രാദേശികമായുളള ചെറിയ കടകളാണ് അടച്ചുപൂട്ടിയത്.

*ക്വിക്ക് കൊമേഴ്സ് വേഗത്തില്‍ വളരാനുളള കാരണങ്ങള്‍ ഇവയാണ്*

എഫ്എംസിജി വിതരണ ശൃംഖലയിൽ വിള്ളൽ: പരമ്പരാഗത വിതരണ സംവിധാനങ്ങളെ മറികടക്കുന്ന തരത്തിലാണ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. വെയർഹൗസുകളിൽ നിന്ന് നേരിട്ട് സാധനങ്ങൾ ശേഖരിച്ച് ഉപയോക്താക്കളിലേക്ക് അവര്‍ ഉൽപ്പന്നങ്ങൾ എത്തിക്കുന്നു. ഇത് എഫ്എംസിജി വ്യവസായത്തിൽ ആധിപത്യം നേടാന്‍ ഇവരെ സഹായിക്കുന്നു.

*അൾട്രാ-ഫാസ്റ്റ് ഡെലിവറി:*
 10–25 മിനിറ്റിനുള്ളിൽ ഡെലിവറി ചെയ്യാമെന്ന വാഗ്ദാനങ്ങൾ പരമ്പരാഗത ചില്ലറ വ്യാപാരികളേക്കാള്‍ ഇവര്‍ക്ക് മുൻതൂക്കം ലഭിക്കുന്നു.

*കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍:*
 പലചരക്ക് സാധനങ്ങൾ മാത്രമല്ല ഇലക്ട്രോണിക്സ്, വ്യക്തിഗത പരിചരണ ഇനങ്ങൾക്കും ഉപയോക്താക്കള്‍ ഓൺലൈൻ ഓപ്ഷനുകൾ കൂടുതലായി തേടുന്നു

*വിലനിർണ്ണയ രീതികൾ:* പല ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഉൽപ്പന്നങ്ങൾ കനത്ത കിഴിവുകൾക്ക് വിൽക്കുന്നു. ചെറുകിട, ഇടത്തരം ചില്ലറ വ്യാപാരികൾക്ക് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ആവശ്യമുളള ഉല്‍പ്പന്നങ്ങള്‍ തേടി പല കടകള്‍ കയറി ഇറങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ആളുകളെ ഓൺലൈൻ ഷോപ്പിംഗ് സഹായിക്കുന്നു. തിരക്കുളള സമയങ്ങളില്‍ പരമ്പരാഗത പലചരക്ക് കടകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ സഹായിക്കുന്നു
AICPDF ന്റെ കണക്കനുസരിച്ച് രാജ്യത്ത് നിലവിൽ ഏകദേശം 1.3 കോടി ചെറിയ പലച്ചരക്ക് കടകളാണ് ഉളളത്. അതിൽ ഒരു കോടിയിലധികവും പ്രവര്‍ത്തിക്കുന്നത് ടയർ 2 നഗരങ്ങളിലും അര്‍ധ നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ്. ഇവിടേക്കാണ് വേഗത്തില്‍ പലചരക്ക് സാധനങ്ങള്‍ അടക്കമുളള വീട്ടു സാധനങ്ങള്‍ അതിവേഗത്തില്‍ എത്തിച്ചു തരാമെന്ന വാഗ്ദാനവുമായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വേരുറപ്പിക്കുന്നത്.
ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ഡാർക്ക് സ്റ്റോറുകൾ സ്ഥാപിക്കുന്നതിനുപകരം ചില്ലറ പലചരക്ക് കടകളുമായി സഹകരണത്തില്‍ ഏര്‍പ്പെടാനുളള സാധ്യതകള്‍ പരിശോധിക്കുന്നത് പരമ്പരാഗത കച്ചവടക്കാരെ സഹായിക്കുന്ന നീക്കമായിരിക്കും. ഫ്ലിപ്കാർട്ട് മിനിറ്റ്സ് ഇതിനകം തന്നെ ഇത്തരത്തിലുളള സംവിധാനം നടപ്പാക്കുന്നുണ്ട്.

*സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കണം*
കാലാവധി കഴിയുന്നതിനോട് അടുത്ത ഉൽപ്പന്നങ്ങൾ ഇവര്‍ വലിയ വിലക്കുറവിൽ വിൽക്കുന്നതായുളള ആരോപണങ്ങളും ഉയരുന്നുണ്ട്. പരമ്പരാഗത ചില്ലറ വ്യാപാരികൾക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത വിധത്തിലുളള വില കുറവ് തന്ത്രങ്ങളാണ് ഇവര്‍ പയറ്റുന്നത്.

എല്ലാ സ്ഥലങ്ങളിലും "10 മിനിറ്റ് ഡെലിവറി" എന്ന വാഗ്ദാനം നടപ്പാക്കാന്‍ ദ്രുത വാണിജ്യ പ്ലാറ്റ്ഫോമുകള്‍ക്ക് സാധിക്കില്ല എന്ന ആരോപണവുമുണ്ട്. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനിടയുണ്ടെന്നും ഇവര്‍ പറയുന്നു.

AICPDF, CAIT (കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്) തുടങ്ങിയ സംഘടനകള്‍ പരമ്പരാഗത റീട്ടെയിൽ മേഖലയിൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന് സർക്കാർ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു. പരമ്പരാഗത ചില്ലറ വ്യാപാരികളുടെ അതിജീവനം അസാധ്യമാക്കുന്ന തരത്തിലാണ് ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ നടത്തുന്ന ഡാർക്ക് സ്റ്റോറുകളുടെ സ്ഫോടനാത്മകമായ വളർച്ച മുന്നോട്ടു പോകുന്നത്.