ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ച സംഭവത്തിൽ സംഘർഷം. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. പനിയും വയറുവേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിംഗിലും മറ്റു പരിശോധനകളിലും ആദി ലക്ഷ്മിക്ക് കുഴപ്പങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇന്ന് രാവിലെ കുട്ടിക്ക് കുത്തിവയ്പ് എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെയാണ് ബന്ധുക്കൾ ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയത്. അധികൃതരോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ തല്ലിത്തകർക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗവ. എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദി ലക്ഷ്മി.