ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് പൊഴിമുറിക്കാനെത്തിയ ഫിഷറീസ്, ഹാർബർ, റവന്യൂ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. എതിർപ്പ് ശക്തമായതോടെ ഉദ്യോഗസ്ഥർ താത്കാലികമായി പിന്മാറി.

മത്സ്യത്തൊഴിലാളികളുടെ എതിർപ്പ് ശക്തമായതോടെ ഉദ്യോഗസ്ഥർ പിന്മാറി

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് പൊഴിമുറിക്കാനെത്തിയ ഫിഷറീസ്, ഹാർബർ, റവന്യൂ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. എതിർപ്പ് ശക്തമായതോടെ ഉദ്യോഗസ്ഥർ താത്കാലികമായി പിന്മാറി. ഇന്നലെ രാവിലെ 10ഓടെയാണ് കളക്ടറുടെ ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥർ മുതലപ്പൊഴിയിലെത്തിയത്. ഇതറിഞ്ഞ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനകൂട്ടം മുതലപ്പൊഴിയിൽ സംഘടിച്ചിരുന്നു. അഴിമുഖത്ത് വള്ളങ്ങൾ നിരത്തിയും മനുഷ്യച്ചങ്ങല കോർത്തും മത്സ്യത്തൊഴിലാളികൾ പ്രതിരോധം തീർത്തു. മണൽ നീക്കാൻ കൂടുതൽ ഡ്രഡ്ജറുകൾ എത്തിക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ നിലപാട്. അതുവരെ ഉദ്യോഗസ്ഥരുമായോ ബന്ധപ്പെട്ട അധികൃതരുമായോ ചർച്ചയ്ക്കില്ല. ചർച്ചകളിൽ അധികൃതർ പറയുന്ന ഉറപ്പുകളിൽ വിശ്വാസമില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

സമീപ പ്രദേശങ്ങളിലെ വെള്ളപ്പൊക്കം ഒഴിവാക്കാനും വലിയ വള്ളങ്ങൾക്ക് കടന്നുപോകാനും പാകത്തിൽ പൊഴി മുറിക്കാമെന്ന ഹാർബർ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഉറപ്പും അംഗീകരിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പ്രതിഷേധം ശക്തമാക്കിയതോടെ ഒരു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥർ മടങ്ങി. വിഴിഞ്ഞത്തുനിന്നും ഡ്രഡ്ജർ കൊണ്ടുവരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാൽ വിഴിഞ്ഞത്ത് ഡ്രഡ്ജറില്ലെന്നും മാരി ടൈം ബോർഡിന്റെ ഡ്രഡ്ജർ പത്ത് ദിവസത്തിനുള്ളിൽ എത്തുമെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർ മറുപടി നൽകി. ഉദ്യോഗസ്ഥർ മടങ്ങിയതോടെ സമരം അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികളും മടങ്ങി. മണൽ നീക്കം വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. ദേശീയപാത ഉപരോധം അടക്കമുള്ള സമരമുറകൾ നടപ്പാക്കാനുള്ള ആലോചനയുമുണ്ട്.