തിരുവനന്തപുരം : അവധിക്കാലത്ത് സഞ്ചാരികൾ വന്നു തുടങ്ങിയിട്ടും നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വേളി ടൂറിസ്റ്റ് വില്ലേജിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ബോട്ടുയാത്രയും കളിത്തീവണ്ടിയിലെ യാത്രയും കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾ നിരാശരായാണ് മടങ്ങുന്നത്. ഭക്ഷണം കഴിക്കാൻ സൗകര്യമില്ല. വില്ലേജിനുള്ളിൽ ശൗചാലയങ്ങളോ വിശ്രമ കേന്ദ്രങ്ങളോയില്ല. സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ പ്രവർത്തനം നിലച്ചു. ബോട്ടുജെട്ടിയിലടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യവും കുളവാഴകളും ഇതുവരെയും നീക്കം ചെയ്തിട്ടില്ല.
വേളി ടൂറിസ്റ്റ് വില്ലേജിലെ മുഖ്യ ആകർഷണമാണ് ഇവിടത്തെ ബോട്ടുയാത്ര. മൂന്ന് സഫാരിയും മൂന്ന് സ്പീഡ് ബോട്ടുകളുമാണ് ഇവിടെയുള്ളത്. ഇവയിൽ രണ്ട് സഫാരിയും ഒരു സ്പീഡ് ബോട്ടും മാത്രമേ ഉപയോഗിക്കാനാകൂ. തകരാറായ ബോട്ടുകൾ ഇവിടത്തെ ജെട്ടിയിൽ ഒതുക്കിയിട്ടിരിക്കുകയാണ്.
നേരത്തെയുണ്ടായിരുന്ന സ്ഥിരം ജീവനക്കാർ വിരമിച്ചതോടെയാണ് ബോട്ട് ഡ്രൈവർമാരുടെ കുറവ് നേരിട്ടുതുടങ്ങിയത്.ഓടാൻ ശേഷിയുള്ള മൂന്നു ബോട്ടുകൾ ഓടിക്കുന്നതിന് രണ്ട് ഡ്രൈവർമാർ മാത്രമേയുള്ളു. ആറു ഡ്രൈവർമാർ വേണ്ടയിടത്താണിത്. കേരള ടൂറിസം ഡിവലപ്മെന്റ് കോർപ്പറേഷനാണ് ബോട്ടുയാത്രയുടെ ചുമതല. ഇവിടത്തെ പഴഞ്ചൻ ലൈഫ് ജാക്കറ്റുകൾ ധരിക്കാൻ യാത്രക്കാർ മടിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ജാക്കറ്റുകൾ അഴുക്കുപിടിച്ച് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്.
പൊഴിക്കരക്കടുത്ത് കായലിൽ സജ്ജമാക്കിയിട്ടുള്ള ഫ്ളോട്ടിങ് റസ്റ്ററന്റിന്റെ ഒന്നാം നിലയുടെ മേൽക്കൂരയിൽ വലിയ വിള്ളലാണ്.ഇതു കാരണം ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. മാസങ്ങളായി ഈ സ്ഥിതിയാണ്. വില്ലേജിലെ പ്രധാനഭാഗത്ത് വർഷങ്ങൾക്ക് മുൻപ് വിനോദസഞ്ചാരവകുപ്പ് നിർമിച്ച് കെടിഡിസിക്ക് കൈമാറിയ റസ്റ്ററന്റിന്റെ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞു.
ഇവിടെയിരുന്നാണ് ഇപ്പോഴും സന്ദർശകർ ഭക്ഷണം കഴിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വശങ്ങളിൽ സ്ഥാപിച്ചിരുന്നതും ഓടുമേഞ്ഞതുമായ സൺഷെയ്ഡുകൾ തകർന്നു. ഇതോടെ ഒന്നാം നിലയിലുള്ള റസ്റ്ററന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. മരച്ചുവട്ടിലും പടികളിലും ഇരുന്നാണ് പലരും ഭക്ഷണം കഴിക്കുന്നത്.