വക്കം: ലഹരിവിപത്തിനെതിരേ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് വക്കം ജിഎച്ച്എസിലെ വിദ്യാർഥികൾ. അവർക്ക് പൂർണ പിന്തുണയുമായി സ്കൂളിലെ അധ്യാപകരും കടയ്ക്കാവൂർ പോലീസും ഒപ്പമുണ്ട്. കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ ലഹരിയുപയോഗം വ്യാപകമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം കേസുകളാണ് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്കൂൾ, കോളേജ് പരിസരങ്ങൾ പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയാണ് ലഹരിസംഘത്തിന്റെ പ്രധാന താവളങ്ങൾ.
ആദ്യഘട്ടത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പഞ്ചായത്തിലെ എല്ലാ വീടുകളിലുമെത്തി. ലഹരിയുപയോഗവും വിൽപ്പനയും കണ്ടാൽ അറിയിക്കാനുള്ള നമ്പരുകളെഴുതിയ ‘എന്റെ ഭവനം ലഹരിമുക്തം’ എന്ന സ്റ്റിക്കറുകൾ ഉടമസ്ഥനെക്കൊണ്ട് വീടിന്റെ മുൻവശത്ത് പതിപ്പിച്ചു. സ്കൂൾ പരിസരത്തുള്ളതും വക്കം പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള കടകളിലും സ്റ്റിക്കറുകൾ പതിപ്പിച്ചു. ലഹരിപദാർഥങ്ങളുടെ വിൽപ്പനക്കെതിരേ ബോധവത്കരണവും നടത്തി.
തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 250 പേരെ തിരഞ്ഞെടുത്ത് ദക്ഷിണകേരള ജോയിന്റ് എക്സൈസ് കമ്മിഷണർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഒരുദിവസത്തെ പരിശീലനം നൽകി. ലഹരിമുക്ത പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന്റെ ഓരോ വാർഡിലും അവർ പ്രവർത്തിക്കുകയും ചെയ്യുന്നു.
പഞ്ചായത്തിന്റെ ഏതെങ്കിലും പ്രദേശങ്ങളിൽ ലഹരി ഉപയോഗിക്കുന്നതോ വിൽക്കുന്നതോ കണ്ടാൽ അധികൃതരെ അറിയിക്കുമെന്ന് സന്നദ്ധപ്രവർത്തകർ പറഞ്ഞു. കൂടാതെ ലഹരിക്കെതിരേയുള്ള പ്രചാരണവും ജാഥകളും പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തും. അവധിക്കാലമായതിനാൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾ പൂർണ ഉത്സാഹത്തോടെയാണ് മുന്നോട്ടുവരുന്നത്. പ്രഥമാധ്യാപിക സി.എസ്. ബിന്ദു, കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസ്, എസ്.ഐ. ജയപ്രസാദ്, സ്കൂളിലെ മറ്റധ്യാപകർ എന്നിവരെല്ലാം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.