കൊല്ലം കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് ജിം സന്തോഷ് വധക്കേസിൽ മുഖ്യസൂത്രധാരൻ പങ്കജ് പിടിയിൽ. കല്ലമ്പലത്ത് നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് പങ്കജിനെ പിടികൂടുന്നത്. പങ്കജുമായുള്ള വിരോധത്തിന്മേലാണ് ജിം സന്തോഷിനെ അലുവ അതുലും സംഘവും കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ നിഗമനം.തുടര്‍ന്ന് പങ്കജിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചത്. പങ്കജുമായുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഖ്യ സൂത്രധരനെ പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസിന്റെ സ്‌പെഷ്യല്‍ ടീം കല്ലമ്പലത്ത് ഇന്നലെ മുതല്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. കൊലപാതകം ആസൂത്രണം ചെയ്യുന്നതിലുള്‍പ്പെടെ പങ്കജിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ അലുവ അതുലിനെ കണ്ടെത്താനും പങ്കജിനെ ചോദ്യം ചെയ്യുന്നതോടെ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.കൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കജ് നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കൊലപാതക സമയത്ത് മാത്രമാണ് പങ്കജ് മാറി നിന്നത്. പിന്നിൽ നിന്ന് അക്രമ സംഘത്തെ നിയന്ത്രിക്കുന്നത് പങ്കജാണ്. കേസിൽ രണ്ട് പ്രതികൾ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്. നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരെയാണ് കണ്ടെടുത്തത്. അലുവ അതുൽ എവിടെയുണ്ടെന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് വിവരം. ഇന്ന് തന്നെ മുഖ്യപ്രതിയെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷ.