പോലീസ് പരിശോധനയില്‍ നിന്നും സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ

പോലീസ് പരിശോധനയില്‍ നിന്നും സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. ഡാന്‍സാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെ ഷൈന്‍ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു നടന്‍.

സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് ഷൈന്‍ ലഹരി ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിന്‍സി അലോഷ്യസ് രംഗത്തെത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു വിന്‍സി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് താരസംഘടനക്ക് അടക്കം പരാതി നല്‍കുകയായിരുന്നു.



ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടുകൂടിയാണ് ഷൈന്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. നടന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുമുമ്പേ നടന്‍ ജനല്‍ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പടികളിറങ്ങി ഷൈന്‍ ഇറങ്ങി ഓടുകയും ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ആളെ വിശദമായി ചോദ്യം ചെയ്തു.