വർക്കല നരിക്കല്ല് മുക്കിൽ അവധി ചോദിച്ചതിന് ജീവനക്കാരനെ ഹോട്ടലുടമ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഹോട്ടലുടമ ജസീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വക്കം സ്വദേശി ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വര്‍ക്കല നരിക്കല്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അല്‍ജസീറയിലായിരുന്നു കത്തിക്കുത്ത്. അവധി ചോദിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന്റെ എതിര്‍വശം തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വച്ചാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. മുഖത്ത് പരുക്കേറ്റ ഷാജിയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കത്തിക്കുത്തില്‍ കൈക്ക് പരുക്കേറ്റ ജസീര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പൊലീസ് കസ്റ്റഡിയില്‍ ആകുന്നത്. ഷാജിക്ക് മൂക്കിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുറച്ച് മാസങ്ങളായി ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് വളരെ മോശയമായാണ് പെരുമാറിയിരുന്നതെന്നും, അവധി നല്‍കാന്‍ വിസമ്മതിച്ചിരുന്നതായും മറ്റ് ജീവനക്കാര്‍ പറയുന്നു.ജസീറിനെ നാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.