കടയ്ക്കാവൂർ: തെരുവുവിളക്കുകളുടെ പരിപാലനം പഞ്ചായത്തിന് ഏല്പിച്ചതോടെ ജനം ഇരുട്ടിൽ തപ്പേണ്ട അവസ്ഥയെന്ന് പരാതി. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ അപൂർവം തെരുവ് വിളക്കുകളേ കത്താറുള്ളൂവെന്നാണ് പരാതി. മുമ്പ് പൊതുനിരത്തുകളിൽ സ്ഥാപിക്കേണ്ട തെരുവ് വിളക്കുകളും അതിനുവേണ്ട ഉപകരണങ്ങളും ഇലക്ട്രിസിറ്റിയെ ഏല്പിക്കുകയായിരുന്നു പതിവ്. ഏതൊക്കെ സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് നിർദേശിക്കും. അന്ന് ലൈറ്റുകൾ കത്തിക്കേണ്ട ചുമതല ഇലക്ട്രിസിറ്റി ബോർഡിനായിരുന്നു. എന്തെങ്കിലും കാരണത്താൽ ലൈറ്റുകൾ പ്രകാശിക്കാതെവന്നാൽ ഇലക്ട്രിസിറ്റി വകുപ്പ് അത് അറ്റകുറ്റപ്പണി ചെയ്ത് പ്രശ്നം തീർപ്പാക്കുകയായിരുന്നു പതിവ്.
തെരുവുവിളക്കുകളുടെ ചുമതല പഞ്ചായത്തുകൾ കോൺട്രാക്ടർമാരെ ഏല്പിച്ചു. ഇവർ കൃത്യമായി തെരുവുവിളക്കുകൾ പരിപാലിക്കാതെയായി. ഇതോടെ ജനം ഇരുട്ടിൽതപ്പാൻ തുടങ്ങി. ജനങ്ങൾ പരാതിയുമായി എത്തുമ്പോൾ ഉടൻ പരിഹരിക്കാമെന്നാണ് പഞ്ചായത്തിന്റെ മറുപടി.
മിക്കപ്രദേശങ്ങളും ഇരുട്ടിലായതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും കേന്ദ്രമാണ്. ചിലയിടങ്ങളിൽ കത്തുന്നുണ്ടെങ്കിലും അവയ്ക്ക് മടങ്ങിയ വെളിച്ചമാണ്. ഇതിനും പഞ്ചായത്ത് മുടങ്ങാതെ ഇലക്ട്രിസിറ്റിക്ക് പണമടയ്ക്കണം.