ചിറയിൻകീഴ് : ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം മേയ് അവസാനവാരം തുറന്നുനൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സാമൂഹികമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചിറയിൻകീഴുകാരുടെ ഏറെനാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.
റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മേയ് മാസം കൂടി കഴിയുമ്പോൾ കേരളത്തിൽ പൂർത്തിയാകുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ എണ്ണം പന്ത്രണ്ടാകും- മന്ത്രി അറിയിച്ചു.
റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരോടൊപ്പം പൊതുമരാമത്തുവകുപ്പ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.
ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ പണികൾ ഏറക്കുറെ പൂർത്തിയായതായി വി. ശശി എംഎൽഎ പറഞ്ഞു. അപ്രോച്ച് റോഡുകളുടേയും സർവീസ് റോഡുകളുേടയും ടാറിങ് ജോലികളും പാലത്തിന്റെ പാർശ്വഭിത്തി നിർമാണവുമാണ് ഇനി നടക്കേണ്ടത്.
പാലത്തിലെ ടാറിങ്ങും ഇതോടൊപ്പം നടക്കും. എല്ലാ പണികളും പൂർത്തിയാക്കി മേയ് അവസാനവാരം തുറന്നുനൽകാനാണ് തീരുമാനം.
2021-ൽ ആരംഭിച്ച മേൽപ്പാല നിർമാണം നിരവധി പ്രാവശ്യമാണ് മുടങ്ങിയത്. നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത് ചെന്നൈ ആസ്ഥാനമായ എസ്പാൻ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നിർമിക്കുന്ന ചിറയിൻകീഴ് മേൽപ്പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ ചിറയിൻകീഴിന്റെ മുഖച്ഛായതന്നെ മാറും.