തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന സ്വര്‍ണമെല്ലാം ഉപയോഗിക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആയിരം കിലോഗ്രാം സ്വര്‍ണം 24 കാരറ്റ് സ്വര്‍ണകട്ടികളാക്കി മാറ്റി. 21 ക്ഷേത്രങ്ങളില്‍ നിന്നും ശേഖരിച്ച ഉപയോഗിക്കാതെ സൂക്ഷിച്ച സ്വര്‍ണം ഉരുക്കിയാണ് സ്വര്‍ണകട്ടികളാക്കി മാറ്റിയിരിക്കുന്നത്. ഈ സ്വര്‍ണകട്ടികള്‍ ഗോള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമില്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ നിക്ഷേപിച്ച് വാര്‍ഷിക പലിശയായ 17.81 കോടി രൂപ സമ്പാദിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ വൃത്തങ്ങളാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ ഗവണ്‍മെന്റ് മിന്റിലാണ് സ്വര്‍ണം ഉരുക്കിയത്. ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ ക്ഷേത്രങ്ങളുടെ വികസനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാനാണ് തീരുമാനം. തമിഴ്‌നാട് നിയമസഭയില്‍ മന്ത്രി പികെ ശേഖര്‍ബാബുവാണ് ഇക്കാര്യം അറിയിച്ചത്.21 ക്ഷേത്രങ്ങളില്‍ നിന്നായി 10,74,123.488 ഗ്രാം സ്വര്‍ണമാണ് ശേഖരിച്ചത്. തിരുച്ചിറപ്പള്ളി ജില്ലയിലെ അരുള്‍മിഗു മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം ശേഖരിച്ചത്. ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമിന് കീഴില്‍ 424.26 കിലോഗ്രാം സ്വര്‍ണമാണ് ഈ ക്ഷേത്രത്തില്‍ നിന്നും ശേഖരിച്ചത്. സ്‌കീം കൃത്യമായി നടപ്പിലാക്കുന്നെന്ന് ഉറപ്പുവരുത്താന്‍ മൂന്ന് റീജിയണല്‍ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. ഓരോ കമ്മിറ്റിയും നയിക്കുന്നത് വിരമിച്ച ജഡ്ജിമാരാണ്. ഇവരാണ് ഇതിന്റെ മേല്‍നോട്ടവും പരിശോധനകളുമടക്കം നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍.സ്വര്‍ണത്തിന് പിന്നാലെ വെള്ളിയും ഉരുക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഉരുക്കുന്ന വെള്ളി, കട്ടികളാക്കി മാറ്റും. സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ സൈറ്റുകളിലാകും വെള്ളി ഉരുക്കുക. ഇത് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.