മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് സ്വർണനാണയങ്ങൾ കൊയ്ത് സംസ്ഥാന ഹരിത കർമ്മസേന

കൊച്ചി: മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് സ്വർണനാണയങ്ങൾ കൊയ്ത് സംസ്ഥാന ഹരിത കർമ്മസേന. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം, 7.8 കോടി രൂപയുടെ വരുമാനമാണ് നേടിയത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമെല്ലാം ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

മാലിന്യശേഖരത്തിനായുള്ള യൂസർ ഫീ ഇനത്തിൽ 341 കോടിയും ലഭിച്ചു. 50190 ടൺ അജൈവ മാലിന്യമാണ് കൈമാറിയത്.
പുന:രുപയോഗ സാദ്ധ്യത ഉപയോഗപ്പെടുത്തുന്ന 223 തുണി സഞ്ചി, 540 പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനങ്ങളിൽ ഹരിത കർമ്മസേനാംഗങ്ങൾ ജോലിചെയ്യുന്നു. 2023-2024 വർഷം ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇരുയൂണിറ്റുകളിലും നിന്നായി 9.79 കോടി ലഭിച്ചു. 12,448 ടൺ പ്ലാസ്റ്റിക്കാണ് ഇതേ വർഷം ശേഖരിച്ചത്. കഴിഞ്ഞ വർഷം ഹരിതകർമ്മ സേനയ്ക്ക് 5.08 കോടിയും ലഭിച്ചു.

4438 ഹരിതകർമ്മസേന യൂണിറ്റുകളിലായി 35,214 ഹരിതകർമ്മ സേനാംഗങ്ങളാണ് സംസ്ഥാനത്തുള്ളത്. 720 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് ശേഖരിക്കുന്നത്. തരംതിരിച്ച് വിൽക്കാനാകാത്ത പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് നിർമ്മാണത്തിനായി നൽകും.

2024-25 സാമ്പത്തിക വർഷം ലഭിച്ച തുക 7.8 കോടി

യൂസർഫീ ഇനത്തിൽ ഇതുവരെ ലഭിച്ചത് 341 കോടി

ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയ മാലിന്യം 50190 ടൺ.

ശേഖരിക്കുന്നവ

പ്ലാസ്റ്റിക്
ഇ വേസ്റ്റ്
ചില്ല്
തുണി മാലിന്യം
ചെരുപ്പ്, ബാഗ്
തെർമോകോൾ
മരുന്ന് സ്ട്രിപ്പ്
ടയർ
എത്തിലിൻ പ്രിന്റിംഗ് ഷീറ്റ്