ഹജ്ജ് ക്വാട്ടയിൽ അടക്കം ചർച്ച; പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിലേക്ക്

ന്യൂഡൽഹി: നയതന്ത്ര സഹകരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 22, 23 തീയതികളിൽ സൗദി അറേബ്യ സന്ദർശിക്കും. പ്രതിരോധ,​ ഊർജ്ജ, വ്യാപാര മേഖലയിലെ അടക്കം സഹകരണത്തിൽ കൂടിക്കാഴ്ച നിർണായകമാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. മൂന്നാമത്തെ തവണയാണ് മോദി സൗദി സന്ദർശിക്കുന്നത്. അതും നാലു വർഷത്തിനു ശേഷം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിക്കും. സ്ട്രാറ്റജിക് പാർട്ടണർഷിപ്പ് കൗൺസിലിൽ ഇരുവരും പങ്കെടുക്കും.

പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപരമായ സഹകരണം ഊഷ്‌മളമായി തുടരുകയാണ്. മേഖലയിലെ കൂടുതൽ ധാരണാപത്രങ്ങളിൽ സന്ദർശനത്തിനിടെ ഒപ്പുവയ്‌ക്കും. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര - നിക്ഷേപ മേഖലയിലെ സഹകരണം ചർച്ചയാകും. ഗാസയിലെ സാഹചര്യം വിലയിരുത്തും. ഇന്ത്യ- പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി കൂടിക്കാഴ്ചയിലുയരും. ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്‌ടറിയും മോദി സന്ദർശിക്കും.

ഇന്ത്യയ്ക്ക് സൗദി അറബ്യ ഇത്തവണ അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ട 1,75,000 ആണ്. ഇതിൽ സർക്കാർ ക്വാട്ട വഴി പോകുന്ന 1,22,000 പേരുടെ നടപടികൾ പൂർത്തിയായി കഴിഞ്ഞു. എന്നാൽ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് 52,000 പേരെ കൊണ്ടു പോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും സൗദിയിലെ സൗകര്യങ്ങൾ ബുക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാത്തതിനാൽ ഇത് റദ്ദാകുകയായിരുന്നു. സൗദിയുമായുള്ള നിരന്തര ചർച്ചകൾക്ക് ശേഷം ഇതിൽ 10,000 പേർക്ക് അനുമതിയായി. പതിനായിരം പേരെ കൂടി അനുവദിക്കുന്നത് ചർച്ചയിലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഹജ്ജ് ഇരുരാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിൽ ചർച്ച പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.