പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രം; പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രം. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. അധിക ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുത്തേക്കും. ചില്ലറ വിൽപ്പനയിൽ വിലവർധനവ് ഉണ്ടാകില്ലന്ന് പെട്രോളിയം മന്ത്രാലയത്തെ എണ്ണ കമ്പനികൾ അറിയിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞു വരുന്ന സമയത്താണ് ഈ നടപടി. നിലവിൽ പെട്രോളിന് ലിറ്ററിന് 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് എക്സൈസ് തീരുവ. ഇത് വർധനവിന് ശേഷം, പെട്രോളിന് ലിറ്ററിന് 21.90 രൂപയും ഡീസലിന് ലിറ്ററിന് 17.80 രൂപയും ആയി ഉയരും.