പണിമുടക്കി വാട്‌സ്ആപ്പ്; ഗ്രൂപ്പുകളിൽ മെസേജുകള്‍ അയക്കുവാൻ ആയില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നമുണ്ടായി ഇപ്പോൾ പ്രശ്നം പരിഹരിച്ചു,

തിരുവനന്തപുരം: മെറ്റയുടെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ പ്രശ്നം. വാട്‌സ്ആപ്പില്‍ പലര്‍ക്കും സ്റ്റാറ്റസുകള്‍ ഇടാനോ, ഗ്രൂപ്പുകളില്‍ മെസേജുകള്‍ അയക്കാനോ കഴിയുന്നില്ല. ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് പ്രശ്നമാണ് വാട്‌സ്ആപ്പിനെ ബാധിച്ചിരിക്കുന്നത് എന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.രാജ്യത്ത് ഇന്ന് പകല്‍ യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസപ്പെട്ടതിന് പിന്നാലെയാണ് വാട്‌സ്ആപ്പിലും സാങ്കേതിക പ്രശ്നം നേരിടുന്നത്. യുപിഐ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഓൺലൈൻ പണമിടപാടുകള്‍ താറുമാറായിരുന്നു. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസം നേരിട്ടത്. കുറച്ച് സമയങ്ങൾക്കു മുമ്പ് ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു എന്ന് വാട്സ്ആപ്പ് അറിയിച്ചു