ബാങ്കോക്ക്: എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ വച്ച് സഹയാത്രക്കാരന്റെ മേലില്‍ മൂത്രമൊഴിച്ചതായി പരാതി. ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പറക്കുകയായിരുന്നു എഐ 2336 വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. അനിഷ്ട സംഭവം എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ ഒമ്പത് (ബുധനാഴ്ച) ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇയാളുടെ മോശം പ്രവര്‍ത്തിയെക്കുറിച്ച് സഹയാത്രക്കാരനില്‍ നിന്ന് വിവരം ലഭിച്ചുവെന്ന് ക്യാബിന്‍ ക്രൂ വ്യക്തമാക്കിയെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജീവനക്കാര്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്,' പ്രസ്താവനയില്‍ പറഞ്ഞു. കുറ്റാരോപിതനായ യാത്രക്കാരന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയതായും ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനാണെന്ന് പറയപ്പെടുന്ന സംഭവത്തിലെ ഇരയെ ബാങ്കോക്ക് അധികൃതര്‍ക്കു മുന്നില്‍ പരാതി ഉന്നയിക്കാന്‍ സഹായിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.
'ശല്യം ചെയ്ത യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയതിനു പുറമേ, ഞങ്ങളുടെ ക്രൂ ബാങ്കോക്കിലെ അധികാരികള്‍ക്കു മുന്നില്‍ പരാതി ഉന്നയിക്കാന്‍ യാത്രക്കാരനെ സഹായിക്കുകയും ചെയ്തു. സംഭവം വിലയിരുത്തുന്നതിനും ശല്യം ചെയ്ത യാത്രക്കാരനെതിരെ നടപടി എടുക്കുന്നതിനായി സ്റ്റാന്‍ഡിംഗ് ഇന്‍ഡിപെന്‍ഡന്റ് കമ്മിറ്റി വിളിച്ചുകൂട്ടും. ഇത്തരം കാര്യങ്ങളില്‍ ഡിജിസിഎ നിര്‍ദ്ദേശിച്ചിട്ടുള്ള എസ്ഒപികള്‍ എയര്‍ ഇന്ത്യ തുടര്‍ന്നും പാലിക്കും,' പ്രസ്താവനയില്‍ എയര്‍ ഇന്ത്യ പറഞ്ഞു. അതേസമയം എയര്‍ ഇന്ത്യയുടെ നടപടികളെക്കുറിച്ച് പരാതിയുണ്ടെന്നും ആക്ഷേപമുണ്ട്.