കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തുന്ന ദൃശ്യങ്ങൾ; ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്തവർക്ക് പീഡനമെന്ന് ആരോപണം

കൊച്ചി: കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കുന്നെന്ന് ആരോപണം. ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൊച്ചി ആസ്ഥാനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്ന് തൊഴിൽ വകുപ്പും പൊലീസും അറിയിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നതായി അവകാശപ്പെടുന്ന യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ടാർജറ്റ് അച്ചീവ് ചെയ്യാത്തതിന്റെ പേരിലാണ് ഈ തരത്തിലുള്ള ശിക്ഷാനടപടികൾ എന്നും ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടി എടുത്തില്ലെന്നുമാണ് അഞ്ചുമാസം സ്ഥാപനത്തിൽ ജോലി ചെയ്ത യുവാവിന്റെ വെളിപ്പെടുത്തൽ.