കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച്‌ കലയെയും സംസ്കാരത്തെയും തകർക്കാനുള്ള നീക്കത്തിൽനിന്ന്‌ പിന്തിരിയണമെന്ന്‌ സാംസ്കാരിക പ്രവർത്തകർ

തിരുവനന്തപുരം :കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച്‌ കലയെയും സംസ്കാരത്തെയും തകർക്കാനുള്ള നീക്കത്തിൽനിന്ന്‌ പിന്തിരിയണമെന്ന്‌ സാംസ്കാരിക പ്രവർത്തകർ. ‘എമ്പുരാൻ' സിനിമയ്‌ക്കെതിരെ സംഘപരിവാറും അണിയറ പ്രവർത്തകർക്കെതിരെ അന്വേഷണ ഏജൻസികളും ഉയർത്തുന്ന എതിർപ്പുകൾ ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുവെന്ന്‌ നൂറിലേറെ സാംസ്‌കാരിക പ്രവർത്തകർ ഒപ്പുവച്ച പ്രസ്‌താവനയിൽ പറയുന്നു.

അക്രമിച്ചും ഭീഷണിപ്പെടുത്തിയും കലാപ്രവർത്തകരെ പിന്മാറ്റുന്നത്‌ നവഫാസിസത്തിന്റെ ലക്ഷണമാണ്. എമ്പുരാൻ സിനിമയുടെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി. സംവിധായകൻ പൃഥിരാജിന് ആദായ നികുതി വകുപ്പ്‌ നോട്ടീസ്‌ അയച്ചു. മറ്റൊരു നിർമാതാവ്‌ ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്‌ ലഭിച്ചു. സിനിമയ്‌ക്കെതിരായ സംഘപരിവാർ ആക്രമണത്തെ പാർലമെന്റിൽ അപലപിച്ച ജോൺ ബ്രിട്ടാസ് എംപിക്കുനേരെ വധഭീഷണിയുണ്ടായി.

ലോകത്തിനുമുന്നിൽ ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ച സംഭവമാണ്‌ 2002ലെ ഗുജറാത്ത് വംശഹത്യ. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിന്‌ ആളുകളാണ്‌ കൊല്ലപ്പെട്ടത്. വിഭജനകാലത്തെ വർഗീയ കലാപംപോലെ, ഗാന്ധിവധംപോലെ വേദനാജനകമായ ഇന്ത്യൻ അനുഭവമാണത്‌. തങ്ങളുടെ സാംസ്കാരിക അധിനിവേശത്തെ തടയുന്ന മനുഷ്യാനുഭവങ്ങളുണ്ടായാൽ തകർത്തുകളയുമെന്നാണ്‌ ആർഎസ്‌എസിന്റെയും കേന്ദ്രസർക്കാരിന്റെയും ഭീഷണി.

എം കെ സാനു, ഷാജി എൻ കരുൺ, കെ സച്ചിദാനന്ദൻ, എം മുകുന്ദൻ, എൻ എസ് മാധവൻ, വൈശാഖൻ, കമൽ, സുനിൽ പി ഇളയിടം, കെ പി മോഹനൻ, അശോകൻ ചരുവിൽ, കെ അജിത, കെ ഇ എൻ കുഞ്ഞഹമ്മദ്‌, ഗ്രേസി, കെ ആർ മീര, ബെന്യാമിൻ, ഇ പി രാജഗോപാലൻ, ഹമീദ് ചേന്ദമംഗലൂർ, പ്രിയനന്ദനൻ, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാ വർമ, ഇബ്രാഹിം വെങ്ങര, കരിവെള്ളൂർ മുരളി, കെ പി രാമനുണ്ണി, വി കെ ശ്രീരാമൻ, റഫീഖ്‌ അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, പി എൻ ഗോപീകൃഷ്ണൻ, ശാരദക്കുട്ടി, റോസ് മേരി, ടി ഡി രാമകൃഷ്ണൻ തുടങ്ങിയവരാണ്‌ പ്രസ്താവനയിൽ ഒപ്പുവച്ചത്‌.