പേരേറ്റിൽ ഉത്സവം കണ്ടുമടങ്ങിയ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവർ പൊലീസിൽ കീഴടങ്ങി

കല്ലമ്പലം: പേരേറ്റിൽ ഉത്സവം കണ്ടുമടങ്ങിയ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവർ പൊലീസിൽ കീഴടങ്ങി. അപകടത്തിനിടയാക്കിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണിയാണ് (36) കല്ലമ്പലം പൊലീസിൽ ഇന്നലെ വൈകിട്ടോടെ കീഴടങ്ങിയത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ടോണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തിനു ശേഷം ഒളിവിൽ പോയ ടോണിയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ്‌ പൊലീസിൽ കീഴടങ്ങിയത് . ഇയാൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലായിരുന്നു . ടോണിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് കീഴടങ്ങൾ. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.45 ഓടെ നടന്ന അപകടത്തിൽ പേരേറ്റിൽ കൊച്ചുപുലയൻ വിളാകത്ത് കണ്ണകി ഭവനിൽ മണിലാലിന്റെ ഭാര്യ രോഹിണി (55),മൂന്നാം വർഷ പാരാ മെഡിക്കൽ വിദ്യാർത്ഥിയായ മകൾ അഖില (21) എന്നിവരാണ് മരിച്ചത്.