ഇതെങ്ങോട്ടാണ് ഈ പോക്ക്; 70,000ത്തിലേക്ക് കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 68,000 കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും മുന്നേറി. 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 8560 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.


കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.