കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് വിജിലൻസ് സംഘം എത്തിയത്. ഓഫീസിലെ നടപടികളെക്കുറിച്ച് മൂന്നുമാസം മുൻപെ ലഭിച്ച പരാതികളിൽ വിശദമായ പരിശോധന നടത്തിയശേഷമാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. വാഹന കാര്യക്ഷമതാ പരിശോധന മുതൽ ഡ്രൈവിങ് പരീക്ഷകൾക്കു വരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായും കൈക്കൂലി സമാഹരിച്ച് കൈമാറുന്നതിനായി ഡ്രൈവിങ് സ്‌കൂൾ ജീവനക്കാരനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും വിജിലൻസിന് പരാതി ലഭിച്ചിരുന്നു. പരിശോധന നടത്തുന്നതിനിടയിൽ ഓഫീസിനുള്ളിൽ നിന്ന് ഡ്രൈവിങ് സ്‌കൂൾ ജീവനക്കാരനായ സുരേന്ദ്രനെ 50,900 രൂപയുമായി പിടികൂടുകയായിരുന്നു.സുരേന്ദ്രന്‍റെ കൈവശമുണ്ടായിരുന്ന പണത്തെ സംബന്ധിച്ച് വിജിലൻസ് സംഘം ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് വിജിലൻസ് സംഘം സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വിജിലൻസ് സംഘം ഓഫീസ് രേഖകൾ പരിശോധന നടത്തി. രേഖകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.