സുപ്രീംകോടതിയിൽ കേന്ദ്രത്തിനേറ്റത് കനത്ത പ്രഹരം, വഖഫ് ഭേദഗതിയിലെ 3 പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കുമെന്ന് സൂചന

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് കേന്ദ്രസർക്കാരിനേറ്റത് കനത്ത പ്രഹരം. വഖഫ് നിയമഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചനയടക്കം നൽകിയുള്ള സുപ്രീംകോടതിയുടെ നിലപാട് ഹർജിക്കാർക്ക് ആശ്വാസമേകുന്നതാണ്.

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്ന് തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിൻറെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവ് നാളത്തേക്ക് മാറ്റുകയായിരുന്നു. ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. നൂറൂ വർഷം മുമ്പുള്ള ചരിത്രം മായ്ച്ചു കളയാൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും കോടതി സർക്കാരിന് നൽകി.

വിശദവിവരങ്ങൾ

നിയമത്തിലെ മൂന്ന് വ്യവസ്ഥകളിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ച് വാദത്തിലുടനീളം ആശങ്ക അറിയിച്ചത്. നൂറ്റാണ്ടുകളായി ഉപയോഗത്തിലൂടെ വഖഫ് ആയ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താൽ എങ്ങനെ വഖഫ് അല്ലാതാക്കും എന്ന് കോടതി ചോദിച്ചു. പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള വഖഫ് സ്വത്തുക്കൾക്ക് എങ്ങനെ രേഖകൾ ഹാജരാക്കാൻ കഴിയും. നിയമം നടപ്പായാൽ രജിസ്റ്റർ ചെയ്യാത്ത ഭൂമി ആകെ വഖഫ് അല്ലാതാകുന്നതിൻറെ പ്രത്യാഘാതം ആശങ്ക ഉണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രജിസ്റ്റർ ചെയ്യാനുള്ള നിയമം നൂറു വർഷമായി ഇന്ത്യയിലുണ്ട് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോൾ അതിനു മുമ്പുള്ള ചരിത്രം മായ്ക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. കേന്ദ്ര വഖഫ് കൗൺസിലിൽ ആകെയുള്ള 22 പേരിൽ എട്ടു പേർ മാത്രം മുസ്ലിംങ്ങൾ ആകാനുള്ള സാധ്യതയും നിയമം തുറന്നിടുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മന്ത്രി അടക്കമുള്ള എക്സ് ഒഫിഷ്യോ അംഗങ്ങളെ അംഗീകരിക്കാം. എന്നാൽ ബാക്കിയുള്ള അംഗങ്ങൾ മുസ്ലിങ്ങൾ തന്നെയാകണം.

ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണസമിതിയിൽ മുസ്ലിങ്ങളെ നിങ്ങൾ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൗൺസിലിൽ രണ്ട് അമുസ്ലിങ്ങളേ പരമാവധി ഉണ്ടാകൂ എന്ന ഉറപ്പ് എഴുതി നൽകാം എന്നാണ് കേന്ദ്ര സർക്കാർ മറുപടി നല്കിയത്. തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി എതി‍ർത്തു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിൻറെ സ്വഭാവം കേസിൽ അന്തിമ തീർപ്പു വരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ഉത്തരവ് കോടതി പറഞ്ഞെങ്കിലും ഇതിൽ കേന്ദ്രത്തിൻറെ വിശദവാദം കേൾക്കണം എന്ന ആവശ്യം അംഗീകരിച്ച് നാളത്തേക്ക് മാറ്റുകയായിരുന്നു.

മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം എന്ന വാദമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. ഭണണനിർവ്വഹണവും മതാചാരവും കൂട്ടികലർത്തേണ്ടതില്ല എന്ന നിലപാട് കോടതി ഹർജിക്കാരെ അറിയിച്ചു. ട്രസ്റ്റ് രൂപീകരണത്തെക്കുറിച്ചുള്ള ഭാഗത്ത് കോടതി ഉത്തരവുകൾ ബാധകമാകില്ല എന്ന വരി നിയമത്തിൽ ചേർത്തതിലും ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. അക്രമത്തിലൂടെ സമ്മർദ്ദം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിയമം പൂർണ്ണമായി സ്റ്റേ ചെയ്തില്ലെങ്കിലും തർക്കം ഉയർന്ന വ്യവസ്ഥകളിൽ കോടതി ഇടപെടാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാവുകയാണ്.