തിരുവനന്തപുരം : മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകത്തിന്റെ സമുദ്ര ഭൂപടത്തിൽ സുപ്രധാന പദവിയിലേക്ക് .
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടമേറ്റഡ് തുറമുഖമെന്ന നിലയിൽ വിഴിഞ്ഞത്തിന്റെ ഖ്യാതി ഇതിനകം കടൽ കടന്നു.
കമ്മിഷനിങ് നടക്കുന്നതോടെ 2028ൽ പൂർത്തിയാകേണ്ട അടുത്ത ഘട്ടത്തിന്റെ നിർമാണം ദ്രുതഗതിയിലുമാകും.
2024 ജൂലൈ 13നാണു വിഴിഞ്ഞം തുറമുഖത്തു ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ അടുത്തു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.
ഇതുവരെ 263 കപ്പലുകൾ എത്തി. ഇത്രയും സമയത്തിനുള്ളിൽ 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ ചരക്കു നീക്കത്തിൽ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത് .