വ്യാപാര യുദ്ധം; ചൈനീസ് ഇറക്കുമതികള്‍ക്ക് 245% തീരുവ ചുമത്തി അമേരിക്ക

യുഎസ്-ചൈന വ്യാപാര യുദ്ധം മുറുകുന്നു. ചൈനീസ് ഇറക്കുമതികള്‍ക്ക് 245% തീരുവ ചുമത്തി അമേരിക്ക. ചൊവ്വാഴ്ച വൈകി പുറത്തിറക്കിയ ഉത്തരവിലാണ് അറിയിപ്പുള്ളത്. ചൈനയുടെ സമീപകാല കയറ്റുമതി നിയന്ത്രണങ്ങള്‍ക്കും പ്രതികാര താരിഫുകള്‍ക്കും മറുപടിയായാണ് പുതിയ നീക്കം.

‘പ്രതികാര നടപടികളുടെ ഫലമായി ചൈന ഇപ്പോള്‍ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 245% വരെ തീരുവ നേരിടുന്നു,’ വൈറ്റ് ഹൗസ് വ്യക്തമാക്കി. സുപ്രധാന ഹൈടെക് വസ്തുക്കള്‍ക്ക് ചൈന മനഃപൂര്‍വ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി യുഎസ് ആരോപിച്ചു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടര്‍ വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ ഘടകങ്ങളായ ഗാലിയം, ജെര്‍മേനിയം, ആന്റിമണി എന്നിവയുള്‍പ്പെടെയുള്ളവയ്ക്കാണ് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടുത്തിടെ, ആറ് ഹെവി റെയര്‍ എര്‍ത്ത് ലോഹങ്ങളുടെയും റെയര്‍ എര്‍ത്ത് കാന്തങ്ങളുടെയും കയറ്റുമതി ചൈന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.



അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനുശേഷം, ചൈനയും യുഎസും തമ്മില്‍ താരിഫ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അമേരിക്ക തുടങ്ങിവെച്ച ‘യുദ്ധത്തിന്’ ചൈനയും അതേ നാണയത്തിലാണ് തിരിച്ചടിക്കുന്നത്. നേരത്തെ മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ പ്രഖ്യാപിച്ച തീരുവയില്‍ 90 ദിവസത്തേക്ക് അമേരിക്ക ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചൈനക്ക് ബാധകമാവില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പിന്നാലെ യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളൊന്നും സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കയുമായി വ്യാപാരയുദ്ധം നടത്താന്‍ മടിക്കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.