പറക്കുംതളികയിലേക്ക് മിസൈൽ പ്രയോഗിച്ചു; അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വീണു; 23 സൈനികരെ കല്ലുകളാക്കി മാറ്റി'; വിചിത്ര വെളിപ്പെടുത്തലുമായി CIA രേഖ

ശീതയുദ്ധകാലത്ത് ഭൂമിയില്‍ അന്യഗ്രഹജീവികള്‍ വന്നുവെന്ന വിചിത്രമായ വെളിപ്പെടുത്തലുമായി യുഎസ് ചാരസംഘടന സിഐഎയുടെ രഹസ്യരേഖ. സോവിയറ്റ് യൂണിയന്റെ സൈനികരെയാണ് അന്യഗ്രഹജീവികള്‍ കല്ലാക്കി മാറ്റിയതെന്നും 2000-ത്തില്‍ പരസ്യമാക്കിയ സിഐഎയുടെ രഹസ്യരേഖയില്‍ പറയുന്നു. രേഖയില്‍ നിന്നുള്ള ഒരുപേജ് ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

സിഐഎ രേഖ പ്രകാരം ശീതയുദ്ധകാലത്താണ് സംഭവമുണ്ടായത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണ് ഇക്കാര്യം സിഐഎ അറിയുന്നത്. ഇതേക്കുറിച്ച് വിശദീകരിക്കുന്ന റഷ്യന്‍ ചാരസംഘടനയായ കെജിബിയുടെ 250 പേജുള്ള രേഖ ഉദ്ധരിച്ച് ഹോളോസ് യുക്രൈനി എന്ന യുക്രൈനിയന്‍ പത്രത്തിലും കാനഡയില്‍ നിന്നുള്ള വീക്ക്‌ലി വേള്‍ഡ് ന്യൂസിലേയും റിപ്പോര്‍ട്ടുകളെ ആധാരമാക്കിയുള്ള സിഐഎ രേഖയിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഈ രേഖ പ്രകാരം 1989-ലോ 1990-ലോ ആണ് വിചിത്രമായ സംഭവം നടന്നത്.സൈബീരിയയില്‍ എവിടെയോ വെച്ച് നടക്കുകയായിരുന്ന സൈനിക പരിശീലനത്തിനിടെയാണ് സംഭവമെന്ന് കെജിബി രേഖ പറയുന്നു. പരിശീലനത്തിനിടെ സോവിയറ്റ് സൈനികര്‍ താഴ്ന്നുപറക്കുന്ന പറക്കുംതളിക കണ്ടു. ഉടന്‍ തന്നെ സൈനികര്‍ സര്‍ഫസ്-ടു-എയര്‍ മിസൈല്‍ അതിനുനേരെ പ്രയോഗിച്ചു. തകര്‍ന്നുവീണ പറക്കുംതളികയില്‍ നിന്ന് അഞ്ച് ഉയരം കുറഞ്ഞ അന്യഗ്രഹജീവികളാണ് പുറത്തുവന്നത്. വലിയ തലയും വലിയ കറുത്ത കണ്ണുകളുമാണ് ഇവയ്ക്ക് ഉണ്ടായിരുന്നതെന്ന് രേഖയില്‍ പറയുന്നു.അഞ്ച് അന്യഗ്രഹജീവികളും ഒന്നിച്ച് ചേര്‍ന്ന് ഗോളാകൃതിയിലുള്ള ഒറ്റരൂപമായി മാറിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഗോളം തീവ്രമായി പ്രകാശിക്കാനും ശബ്ദം മുഴക്കാനും തുടങ്ങി. ആ നിമിഷം ഇതെല്ലാം കണ്ടുകൊണ്ടുനില്‍ക്കുകയായിരുന്ന 23 സൈനികര്‍ കല്ലുകളായി മാറി. അന്യഗ്രഹജീവികളില്‍ നിന്ന് വന്ന പ്രകാശത്തില്‍ പെടാതിരുന്ന രണ്ട് സൈനികര്‍ മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെട്ടതെന്നും രഹസ്യ രേഖയില്‍ പറയുന്നു.